രാഹുൽ ഗാന്ധി |ഫോട്ടോ:twitter.com/INCIndia
ന്യൂഡല്‍ഹി: ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജാഗ്രത ഉണ്ടാകണമെന്ന റഫാല്‍ കേസില്‍ സുപ്രീം കോടതി നല്‍കിയ മുന്നറിയിപ്പ് രാഹുല്‍ ഗാന്ധി അവഗണിച്ചുവെന്ന് സൂറത്തിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി. രാഹുല്‍ ഗാന്ധിക്ക് കുറഞ്ഞ ശിക്ഷ നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി. മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചുകൊണ്ടുള്ള വിധിയിലാണ് പരാമര്‍ശമുള്ളത്.
വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകള്‍ നടത്തരുതെന്ന് 2019-ല്‍ റഫാല്‍ കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. സുപ്രീംകോടതി വിധിയുടെ ഭാഗങ്ങളും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് തന്റെ വിധിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സുപ്രീം കോടതി മുന്നറിയിപ്പ് രാഹുല്‍ ഗാന്ധി മാനിച്ചില്ലെന്ന് സൂറത്തിലെ കോടതി ചൂണ്ടിക്കാട്ടി.
എം.പി. സ്ഥാനത്തിന് കൂടുതല്‍ സത്യസന്ധത ആവശ്യമാണ്. അതിനാല്‍ രാഹുല്‍ ഗാന്ധിക്ക് നാമ മാത്രമായ ശിക്ഷ മതിയാകില്ലെന്നും സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കുറഞ്ഞ ശിക്ഷ മാനനഷ്ടത്തിന് പരിഹാരമല്ലെന്നും 168 പേജ് ദൈര്‍ഘ്യമുള്ള വിധിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്.എച്ച്. വര്‍മ്മ അഭിപ്രായപ്പെട്ടു. വിധി പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
2019-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകത്തിലെ കോളാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശമാണ് വലിയ വിവാദമായത്. ഇത് മോദി സമുദായത്തില്‍പ്പെട്ടവര്‍ക്ക് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി. നേതാവും സൂറത്തില്‍ നിന്നുള്ള എം.എല്‍.എയുമായ പൂര്‍ണേഷ് മോദിയാണ് പരാതി നല്‍കിയത്. കേസില്‍ വിശദമായി വാദം കേട്ടതിന് പിന്നാലെയാണ് കോടതി വിധി പ്രസ്താവിച്ചത്. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് വിധി കേള്‍ക്കാന്‍ രാഹുല്‍ കോടതിയില്‍ ഹാജരായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകളാണ് ചുമത്തിയിരുന്നത്.
Content Highlights: Rahul ignored Supreme Court directive in Rafale case- surat court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..