ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇടപാടില്‍ പ്രധാനമന്ത്രിയുടേയും കേന്ദ്രത്തിന്റേയും അഴിമതി വ്യക്തമാണ്. 30,000 കോടിയുടെ അനധികൃതപാരിതോഷികം അനില്‍ അംബാനിക്ക് മോദി നല്‍കിയെന്നും, പ്രതിരോധ മന്ത്രിയും കേന്ദ്ര സര്‍ക്കാരും ഓരോ ദിവസവും പുതിയ കള്ളങ്ങള്‍ പറയുകയാണെന്നും രാഹുല്‍ ആരോപിച്ചു. 

ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയത് നരേന്ദ്രമോദിയാണ്. ഫാന്‍സ്വാ ഒലാദിന്റെ വെളിപ്പെടുത്തല്‍ സത്യമാണോ നുണയാണോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫാല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയാക്കാന്‍ ഇന്ത്യയാണ് ശുപാര്‍ശ ചെയ്തതെന്നാണ് മുന്‍ ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് വ്യക്തമാക്കിയത്.

മോദി കള്ളം പറയുന്നുവെന്നാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ തന്നെ കള്ളനാകുന്ന സ്ഥിതിവിശേഷമാണുള്ളത്. അംബാനിയെ രക്ഷിക്കാന്‍ എല്ലാവരും കള്ളം പറയുന്നു. യുവാക്കളുടെ കീശയില്‍ നിന്ന് പണമെടുത്ത് സര്‍ക്കാര്‍ അംബാനിക്ക് നല്‍കി. രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റേതായിരുന്നു. ഒലാദിന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ചോദിച്ച രാഹുല്‍ വിഷയത്തേക്കുറിച്ച് പ്രധാനമന്ത്രി വിഷയത്തില്‍ ഉടന്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു. 

കരാറിന് പന്ത്രണ്ട് ദിവസം മുമ്പ് മാത്രമാണ് അംബാനി കമ്പനി ഉണ്ടാക്കിയത്. സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയേക്കുറിച്ച് സര്‍ക്കാര്‍ ഒന്നും പറയുന്നില്ലെന്നും ഇത് അഴിമതിയുടെ വ്യക്തമായ തെളിവാണെന്നും രാഹുല്‍ പറഞ്ഞു.