രാഹുൽ ഗാന്ധി | Photo : PTI
ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള രാഹുല്‍ ഗാന്ധിയുടെ കര്‍ണാടക സന്ദര്‍ശനം വീണ്ടും മാറ്റി. അദ്ദേഹം ഏപ്രില്‍ 16-ന് രാഹുല്‍ കോലാറില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ ശനിയാഴ്ച വ്യക്തമാക്കി. ഏപ്രില്‍ 10-ന് രാഹുല്‍ കര്‍ണാടകയിലെത്തുമെന്നായിരുന്നു നേരത്തെ റിപ്പോർട്ടുണ്ടായിരുന്നതെങ്കിലും സന്ദര്‍ശനം മാറ്റി വെച്ചതായി പിന്നീട് വ്യക്തമാക്കിയിരുന്നു. 16-ന് കോലാറില്‍ നടക്കുന്ന ജയ്ഭാരത് പരിപാടിയില്‍ രാഹുലും ഇതര കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും.
2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോലാറില്‍ രാഹുല്‍ നടത്തിയ വിവാദപ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിന് പാര്‍ലമെന്റംഗത്വം നഷ്ടമായത്. അതേസ്ഥലത്തുവെച്ചുതന്നെ ജനങ്ങളെ അഭിസംബോധന ചെയ്യണമെന്നാണ് രാഹുല്‍ ആഗ്രഹിക്കുന്നതെന്ന് ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെ നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളുമായി പ്രവര്‍ത്തകര്‍ തിരക്കിലായിരിക്കുന്നതിനാലാണ് രാഹുലിന്റെ സന്ദര്‍ശനം ഒരാഴ്ചത്തേക്ക് കൂടി നീട്ടിവെക്കാനാവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റില്‍ അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പൊതുപരിപാടിയാണ് കോലാറിലേതെന്നും ശിവകുമാര്‍ പറഞ്ഞു. ഏഴ് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാഹുല്‍ നേടിയെടുത്ത പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യത്തിന് നേരിട്ട അപമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏപ്രില്‍ അഞ്ചിന് കര്‍ണാടകയിലെത്താനായിരുന്നു ആദ്യം രാഹുല്‍ പദ്ധതിയിട്ടത്. പിന്നീടത് ആറിലേക്കും തുടര്‍ന്ന് ഒമ്പതിലേക്കും മാറ്റി. മൈസൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രോജക്ട് ടൈഗര്‍ പരിപാടി ഏപ്രില്‍ ഒമ്പതിനായതിനാല്‍ രാഹുലിന്റെ സന്ദര്‍ശനം വീണ്ടും നീളുകയായിരുന്നു.
Content Highlights: Rahul Gandhi's public meeting in Karnataka postponed to April 16
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..