ന്യൂഡല്‍ഹി: കോവിഡ് 19നെ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാരിന് വ്യക്തമായ ഒരു വാക്‌സിനേഷന്‍ പദ്ധതി ഇല്ലാത്തത് രാജ്യത്ത് ഗുരുതരമായ സാഹചര്യം സൃഷ്ടിച്ചതായി രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗബാധ നിയന്ത്രിക്കുന്നതിന് രാജ്യവ്യാപകമായ ലോക്ഡൗണ്‍ അനിവാര്യമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പദ്ധതിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. കോവിഡ് പ്രതിരോധത്തിനും വാക്‌സിനേഷനുമുള്ള വ്യക്തവും ഉചിതവുമായ പദ്ധതി കേന്ദ്രസര്‍ക്കാരിന് ഇല്ല. കോവിഡ് രാജ്യത്ത് അതിതീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും വൈറസിനെ രാജ്യം അതിജീവിച്ചെന്ന അമിതാത്മവിശ്വാസം പ്രകടിപ്പിച്ചതും ഇന്ത്യയെ ഇന്നത്തെ ഗുരുതര സ്ഥിതിയിലേക്കെത്തിച്ചു. ഇപ്പോള്‍ നമ്മുടെ എല്ലാ സംവിധാനങ്ങളെയും മറികടന്ന് രോഗം സ്‌ഫോടനാത്മകമായി വളരുകയാണ്. മഹാമാരി നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായ പരാജയം മറ്റൊരു ലോക്ക്ഡൗണ്‍ അനിവാര്യമാക്കിയിരിക്കുന്നു., രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് കോവിഡ് സുനാമി നിയന്ത്രിക്കാനാവാത്ത സ്ഥിതിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതാന്‍ നിര്‍ബന്ധിതനായത്. ഇത്തരമൊരു അഭൂതപൂര്‍വമായ പ്രതിസന്ധിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ ആയിരിക്കണം പ്രധാനമന്ത്രിയുടെ ഏറ്റവും പ്രധാനപ്പെട്ട മുന്‍ഗണന. രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന അനാവശ്യമായ ദുരിതങ്ങള്‍ അവസാനിപ്പിക്കാന്‍ താങ്കളുടെ എല്ലാ അധികാരവും ഉപയോഗിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

അടിയന്തര സ്വഭാവമുള്ള വിഷയങ്ങളെ  താമസമില്ലാതെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. സമയംപാഴാക്കാതെ രോഗവ്യാപന രീതി വിലയിരുത്തുകയും ജീനോം സ്വീക്കന്‍സിങ് നടത്തി വൈറസിന്റെ ജനിതക വ്യതിയാനം പഠനവിധേയമാക്കുകയും വേണം. ജനിതക വ്യതിയാനം വന്ന വൈറസുകള്‍ക്കെതിരെ നിലവിലുള്ള വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാണെന്ന് കൃത്യമായി വിലയിരുത്തണം. രാജ്യത്തെ ജനങ്ങള്‍ക്ക് മഴുവനും പരമാവധി വേഗത്തില്‍ വാക്‌സിന്‍ നല്‍കണം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ഭക്ഷണവും നല്‍കണം, രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

രാജ്യം കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തില്‍ വിറച്ചുനില്‍ക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനെ നേരത്തെ രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സെന്‍ട്രല്‍ വിസ്ത പദ്ധതിയെ കുറ്റകരമായ പാഴാക്കലാണെന്ന് വിശേഷിപ്പിച്ച രാഹുല്‍ ജനങ്ങളുടെ ജീവനാണ് ഇപ്പോള്‍ ശ്രദ്ധ നല്‍കേണ്ടതെന്നും ട്വീറ്റില്‍ അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Rahul Gandhi writes to PM Modi, says lack of strategy led to Covid surge