ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിക്കാന്‍ കാരണം 40 ശതമാനം വരുന്ന മുസ്ലീം വോട്ടുകളാണെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുള്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. ഹൈദരാബാദില്‍ പൊതുയോഗത്തില്‍ സംസാരിക്കവെയായിരുന്നു ഒവൈസിയുടെ പരാമര്‍ശം.
 
രാഹുല്‍ അമേഠിയില്‍ പരാജയപ്പെടുകയും വയനാട്ടില്‍ വിജയിക്കുകയും ചെയ്തു. ഇത് വയനാട്ടിലെ 40 ശതമാനം മുസ്ലീം ജനസംഖ്യ കാരണമല്ലേ എന്നായിരുന്നു ഒവൈസിയുടെ ചോദ്യം.
 
''1947 ആഗസ്റ്റ് 15 ന് ഞങ്ങളുടെ കാരണവന്മാര്‍ കരുതിയത് ഇതൊരു പുതിയ ഇന്ത്യയാകുമെന്നാണ്. ആ ഇന്ത്യ ആസാദിന്റെയും ഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും അവരുടെ കോടിക്കണക്കിന് അണികളുടേയും ആകുമെന്ന് കരുതി. ഞങ്ങളുടെ സ്ഥാനം ഞങ്ങള്‍ക്ക് കിട്ടുമെന്ന് എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്. ഞങ്ങള്‍ക്ക് ആരുടേയും ദാനം ആവശ്യമില്ല. നിങ്ങളുടെ ദാനത്താല്‍ ഞങ്ങള്‍ക്ക് അതിജീവിക്കണ്ട.
 
കോണ്‍ഗ്രസില്‍ നിന്നോ മറ്റ് മതേതര പാര്‍ട്ടികളില്‍ നിന്നോ നിങ്ങള്‍ പിന്‍വാങ്ങേണ്ട. പക്ഷെ അവര്‍ക്ക് കരുത്തില്ല, ദിശാബോധമില്ല, അവര്‍ ശക്തമായി ഇടപെടുന്നില്ല. എവിടെയാണ് ബി.ജെ.പി പരാജയപ്പെട്ടത്? പഞ്ചാബില്‍. അവിടെ ആരാണുള്ളത്? സിക്കുകാര്‍. എന്തുകൊണ്ടാണ് ബി.ജെ.പി ഇന്ത്യയില്‍ മറ്റ് ചില ഇടങ്ങളിലും പരാജയപ്പെട്ടത്? അവിടങ്ങളില്‍ കോണ്‍ഗ്രസുള്ളത് കാരണമല്ല. അതിന് കാരണം പ്രാദേശിക പാര്‍ട്ടികളാണ്''- ഒവൈസി വ്യക്തമാക്കി.
 
4,31,063 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് രാഹുല്‍ വയനാട്ടില്‍ വിജയിച്ചത്. അതേ സമയം രാഹുലിന്റെ സ്ഥിരം തട്ടകമായിരുന്ന അമേഠിയില്‍ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയോട് രാഹുല്‍ പരാജയപ്പെട്ടിരുന്നു.
 
content highlights: Rahul Gandhi won in Wayanad due to 40% Muslim population says Owaisi