ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയായ ദളിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഞായറാഴ്ചയാണ് ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതു വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് അക്രമികള്‍ മൃതദേഹം ബലമായി ദഹിപ്പിക്കുകയും ചെയ്തിരുന്നു.

ബന്ധുക്കളെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ തന്നോട് പറഞ്ഞത് ഒരേയൊരു കാര്യം മാത്രമാണ്, കുടുംബത്തിന് നീതി കിട്ടിയിട്ടില്ല. നീതിയല്ലാതെ മറ്റൊന്നും ആ കുടുംബം ആവശ്യപ്പെടുന്നില്ല- രാഹുല്‍ പറഞ്ഞു. 

ഞാന്‍ കുടുംബവുമായി സംസാരിച്ചു. അവര്‍ക്ക് നീതിയല്ലാതെ മറ്റൊന്നും വേണ്ട. നീതി ലഭിച്ചില്ലെന്നും സഹായിക്കണമെന്നും അവര്‍ പറഞ്ഞു. അതിന് താന്‍ ഒപ്പമുണ്ടാകും. നീതി കിട്ടും വരെ അവര്‍ക്കൊപ്പം തുടരും' ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ദളിത് പെണ്‍കുട്ടി രാജ്യത്തിന്റെയും മകളാണെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യന്‍ വനിതകളുടെ പ്രകടനത്തെ പിന്തുണച്ച് നിരവധി പ്രമുഖര്‍ എത്തുകയും ഇന്ത്യയുടെ അഭിമാനമായ പെണ്‍മക്കളാണ് വിജയികളെന്ന് അഭിനന്ദിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഒമ്പതുകാരി ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഇതിനോടകം വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് നടന്ന ഇത്തരമൊരു ക്രൂര സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.

കുടുംബത്തിന് നീതി കിട്ടുന്നതിന് വേണ്ടി സഹായിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വളരെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ഇതെന്നും കുറ്റവാളികള്‍ക്ക് തൂക്കുകയര്‍ തന്നെ ശിക്ഷയായി ലഭിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും തൃണമൂല്‍ നേതാവ് എംപി അഭിഷേക് ബാനര്‍ജിയും അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി. കുറ്റവാളികളായ നാലു പേര്‍ക്കും തൂക്കുകയര്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധം അരങ്ങേറി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന കൂട്ട ബലാത്സംഗത്തിന് സമാനമായ ക്രൂരകൃത്യമാണ് ഡല്‍ഹിയിലും അരങ്ങേറിയതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. സംഭവം നടന്ന ഡല്‍ഹി കന്റോണ്‍മെന്റിലെ നങ്കല്‍ നിവാസികള്‍ ഞായറാഴ്ച രാത്രി മുതല്‍ പ്രതിഷേധ സമരത്തിലാണ്.

ശ്മശാനത്തിനു സമീപമുള്ള വാടകവീട്ടിലായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ താമസം. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ശ്മശാനത്തിലെ കൂളറില്‍നിന്നു വെള്ളമെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ആറുമണിയോടെ പുരോഹിതന്‍ രാധേ ശ്യാമും മറ്റു മൂന്നു പേരും കൂടി അമ്മയെ വിളിച്ചുകൊണ്ടുപോയി പെണ്‍കുട്ടിയുടെ മൃതദേഹം കാണിച്ചുകൊടുത്തു. കൂളറില്‍നിന്നു ഷോക്കേറ്റതാണെന്നു പറഞ്ഞു.

ഇടതുകൈയില്‍ പൊള്ളലേറ്റ പാടും ചുണ്ടുകള്‍ നീലിച്ച നിറത്തിലുമുണ്ടായിരുന്നു. പോലീസിനെ അറിയിക്കുന്നതില്‍നിന്ന് പുരോഹിതനും കൂട്ടരും അമ്മയെ വിലക്കി. പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോള്‍ പോലീസ് പെണ്‍കുട്ടിയുടെ അവയവയങ്ങള്‍ മോഷ്ടിക്കുമെന്നായിരുന്നു അവര്‍ പറഞ്ഞ ന്യായം. പെണ്‍കുട്ടിയുടെ മൃതദേഹം അതേ ശ്മശാനത്തില്‍ സംസ്‌കരിച്ചു. എന്നാല്‍, തങ്ങളുടെ അനുമതിയില്ലാതെ സംസ്‌കരിച്ചതിനെതിരേ അമ്മയും അച്ഛനും ബഹളമുണ്ടാക്കി. തുടര്‍ന്ന്, ഗ്രാമവാസികള്‍ തടിച്ചുകൂടി. രാത്രി പത്തരയോടെ പോലീസിനു വിവരം ലഭിച്ചു. സംഭവത്തില്‍ പുരോഹിതനടക്കം നാലുപേരെ പിടികൂടി. ഫൊറന്‍സിക് സംഘമെത്തി സ്ഥലപരിശോധന നടത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Content Highlights: Rahul Gandhi visits family of 9 year old girl who was raped in Delhi