Photo: Mathrubhumi
ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് വാര്‍ത്ത നല്കിയ സീ ടിവി ചാനല്‍ അവതാരകൻ രോഹിത് രഞ്ജന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.
ജസ്റ്റിസ് മാരായ ഇന്ദിര ബാനർജി, ജെ.കെ മഹേശ്വരി എന്നിവർ അടങ്ങിയ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് അറസ്റ്റ് സ്റ്റേ ചെയ്ത് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഒരേ കുറ്റത്തിന് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളാണെന്ന് രോഹിത് രഞ്ജന്‍ വേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ടി.ടി ആന്റണി കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഒരേ കുറ്റത്തിന് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അവ ഒന്നിപ്പിച്ച് ഒറ്റ കേസായി കേൾക്കാമെന്ന് ഉത്തരവിട്ടുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് അറ്റോർണി ജനറൽ മുഖേനെ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
ഉത്തർപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് രോഹിത് രഞ്ജന്‍ എതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് ഒരുമിച്ചാക്കണമെന്ന് ആവശ്യപ്പെട്ടാണ് രോഹിത് രഞ്ജൻ സുപ്രീം കോടതിയെ സമീപിച്ചത്. ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ രോഹിത് രഞ്ജന്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ചത്തീസ്ഗഢ് പോലീസ് അറസ്റ്റ് ചെയ്യാൻ എത്തിയപ്പോൾ രോഹിത്തിനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് കടത്തിയത് വലിയ വിവാദം ആയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..