രാഹുൽഗാന്ധി വീടൊഴിയും മുമ്പ് | Photo: PTI
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. വീടൊഴിയുന്നതിന് ലോക്‌സഭാ സെക്രട്ടേറിയേറ്റ് നല്‍കിയ അവസാനദിവസത്തിലാണ് രാഹുല്‍ വീട് വിട്ടിറങ്ങിയത്. രാവിലെ രണ്ടുതവണ രാഹുല്‍ പ്രിയങ്കാഗാന്ധിക്കൊപ്പം വസതിയില്‍ എത്തിയിരുന്നു. വസതിയൊഴിയുന്ന രാഹുല്‍, അമ്മ സോണിയാഗാന്ധിയുടെ പത്ത് ജന്‍പഥിലെ വീട്ടിലേക്ക് മാറും.
അതേസമയം, സത്യം പറഞ്ഞതുകൊണ്ടാണ് തനിക്ക് വീട് ഒഴിയേണ്ടിവന്നതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. സത്യം പറയുന്നതിന് എന്ത് വിലകൊടുക്കാനും താന്‍ തയ്യാറാണ്. ഇന്ത്യയിലെ ജനങ്ങളാണ് കഴിഞ്ഞ 19 വര്‍ഷമായി തനിക്ക് ഈ വീട് നല്‍കിയത്. അവരോടാണ് തനിക്ക് നന്ദിപറയാനുള്ളതെന്നും അദ്ദേഹം വീടൊഴിഞ്ഞ ശേഷം പ്രതികരിച്ചു.
തന്റെ സഹോദരന്‍ സത്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെക്കുറിച്ച് സത്യം പറഞ്ഞതുകൊണ്ടാണ് രാഹുലിന് ഇതെല്ലാം അനുഭവിക്കേണ്ടിവരുന്നത്. എന്നാല്‍, ഇതിനെയൊന്നും തങ്ങള്‍ക്ക് ഭയമില്ലെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു.
ആയിരം മോദിമാര്‍ വിചാരിച്ചാലും രാഹുല്‍ഗാന്ധിയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. 'രാഹുല്‍ഗാന്ധിക്ക് വീട് ഒഴിഞ്ഞുകൊടുക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. വീടിന്റേയോ ബംഗ്ലാവിന്റെയോ തടവറയില്‍ ജീവിക്കുന്നയാളല്ല അദ്ദേഹം. അത്തരം ആഡംബരത്തിന്റെ പിന്നാലെ പോകുന്ന ആളല്ല. കൃത്യമായി ഒരു കേന്ദ്രത്തില്‍ നിന്നുള്ള പദ്ധതിയനുസരിച്ച്, രാഷ്ട്രീയ വൈരാഗ്യത്തോടെയുള്ള സമീപനം കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വീകരിക്കുന്നതിന്റെ ദൃഷ്ടാന്തമാണിതും. പാര്‍ലമെന്റില്‍ അദാനിക്കെതിരെ അദ്ദേഹം സംസാരിച്ചു, മറ്റൊന്നും അദ്ദേഹം ചെയ്തിട്ടില്ല. ആ പ്രസംഗം നടത്തിയില്ലായിരുന്നുവെങ്കില്‍ ഇത്രവേഗത്തില്‍ നടപടികള്‍ വരുമായിരുന്നില്ല', കെ.സി. വേണുഗോപാല്‍ പറഞ്ഞു.
Content Highlights: Rahul Gandhi Vacates Delhi Bungalow
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..