ജെ.പി.നഡ്ഡ |Photo:PTI
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ രംഗത്ത്. ഒബിസി വിഭാഗത്തില്‍പ്പെട്ടവരെ കള്ളന്മാരോട് ഉപമിച്ച രാഹുല്‍ ദയനീയവും ജാതിചിന്ത നിറഞ്ഞതുമായ മാനസികാവസ്ഥയാണ് പ്രകടിപ്പിച്ചതെന്ന് നഡ്ഡ ട്വിറ്ററിലൂടെ ആരോപിച്ചു. രാഹുലിന്റെ പരാമര്‍ശത്തില്‍ അത്ഭുതപ്പെടാനില്ല. കുറേ വര്‍ഷങ്ങളായി നിലവാരം കുറഞ്ഞ രാഷ്ട്രീയ പ്രസംഗങ്ങളാണ് അദ്ദേഹം നടത്തുന്നത്. നുണകളും വ്യക്തിപരമായ അധിക്ഷേപവും, നിഷേധാത്മക രാഷ്ട്രീയവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്ന് നഡ്ഡ ആരോപിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാലത്ത് റഫാല്‍ വിഷയം ഉന്നയിച്ചാണ് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അദ്ദേഹം നടത്തിയ ചൗക്കിദാര്‍ ചോര്‍ ഹേ പരാമര്‍ശം സുപ്രീം കോടതി അംഗീകരിച്ചില്ല. അദ്ദേഹത്തിന് മാപ്പ് പറയേണ്ടിവന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും സ്വന്തം പാര്‍ട്ടി രാജ്യത്തുനിന്നുതന്നെ തുടച്ചുനീക്കപ്പെട്ടിട്ടും അദ്ദേഹം പ്രധാനമന്ത്രി മോദിക്കെതിരായ അധിക്ഷേപം തുടര്‍ന്നു. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന അദ്ദേഹത്തിന്റെ ആരോപണത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയോ പ്രതിപക്ഷ പാര്‍ട്ടികളോപോലും പിന്തുണച്ചില്ല. വിഷയം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്തുവെങ്കിലും നേതാക്കന്മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.
ഇപ്പോള്‍ അദ്ദേഹം ഒബിസി വിഭാഗക്കാര്‍ കള്ളന്മാരെന്ന് വിളിച്ചിരിക്കുന്നു. കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടിട്ടും മാപ്പ് പറയാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. ഒബിസി വിഭാഗക്കാരോട് അദ്ദേഹത്തിനുള്ള വെറുപ്പാണ് അതില്‍നിന്ന് വ്യക്തമാകുന്നത്. 2019-ല്‍ അദ്ദേഹത്തോട് പൊറുക്കാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറായില്ല. 2024-ല്‍ അതിലും കടുത്ത ശിക്ഷയാവും ജനം രാഹുല്‍ഗാന്ധിക്ക് നല്‍കുകയെന്നും ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.
എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുണ്ടെന്ന രാഹുലിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലാണ് സൂറത്ത് കോടതി അദ്ദേഹത്തിന് രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ രംഗത്തെത്തിയിട്ടുള്ളത്.
Content Highlights: Rahul Gandhi two year jail defamation case JP Nadda BJP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..