ചെറുവയൽ രാമൻ |ഫോട്ടോ:പി.ജയേഷ്|മാതൃഭൂമി
ന്യൂഡല്‍ഹി: അപൂര്‍വ വിത്തുകളുടെ കാവല്‍ക്കാരന്‍ ചെറുവയല്‍ രാമന്‍ എന്നറിയപ്പെടുന്ന വയനാട്ടുകാരുടെ സ്വന്തം രാമേട്ടനെ പ്രകീര്‍ത്തിച്ച് സ്ഥലം എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. വിവാദമായ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ട്വിറ്ററിലൂടെ രാഹുല്‍ ചെറുവയല്‍ രാമനെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
കര്‍ഷകര്‍ അനാഥരെ പോലെയാണ് ഇന്ത്യയില്‍. അവരുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ചോദിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. നെല്ല് ചുരുങ്ങിയ വിലക്ക് കുത്തക കമ്പനികള്‍ വാങ്ങി വലിയ വിലക്ക് വില്‍ക്കുകയാണ്. കര്‍ഷകര്‍ക്കാണ് ഇതിന്റെ നഷ്ടം. കര്‍ഷകരുടെ അധ്വാനത്തിന് ന്യായമായ വില കിട്ടണം. ആരുടേയും ഔദാര്യം കര്‍ഷകന് വേണ്ട. അതിന് ഇച്ഛാശക്തി കാട്ടണം. ഇന്ത്യയുടെ ആത്മാവാണ് കര്‍ഷകന്‍, ഇന്ത്യയുടെ നട്ടെല്ലാണ്. അവനെ നിങ്ങള്‍ കൊല്ലരുത്'. തന്നെ പരിചയപ്പെടുത്തുന്ന വീഡിയോയില്‍ രാമേട്ടന്‍ പറയുന്നു.
എന്റെ നിയോജകമണ്ഡലത്തിലെ കര്‍ഷകനാണ് രാമേട്ടന്‍. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കൃഷി എന്നത് ഉപജീവന മാര്‍ഗ്ഗം മാത്രമല്ല, മറിച്ച് താൻ ആരാണെന്ന് നിര്‍വചിക്കുന്നതു കൂടിയാണ്. കൃഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ ഈ രാജ്യത്തെ അന്നമൂട്ടുന്ന അവർക്ക് എങ്ങനെ സഹായകരമാകുന്നുവെന്നും അദ്ദേഹം പറയുന്നത് കേള്‍ക്കൂ എന്ന് കുറിച്ചുകൊണ്ടാണ് രാഹുല്‍ ചെറുവയല്‍ രാമനെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..