ന്യൂഡൽഹി: കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടങ്കൽ തുടരുന്നതിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ രാഷ്ട്രീയ നേതാക്കളെ അനധികൃതമായി തടവിലാക്കുന്നതിലൂടെ ഇന്ത്യയുടെ ജനാധിപത്യത്തിന് ക്ഷതമേറ്റെന്നും മെഹബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും അദ്ദേഹം ടീറ്റ് ചെയ്തു. മെഹബൂബ മുഫ്തിയുടെ തടങ്കൽ കശ്മീർ ഭരണകൂടം മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതിന് പിന്നാലെയാണ് രാഹുൽഗാന്ധി രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്.

പൊതുസുരക്ഷാ നിയമം അനുസരിച്ചാണ് മെഹബൂബ മുഫ്തി അടക്കമുള്ള നേതാക്കളെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതൽ തടവിലാക്കിയത്. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്ന നടപടിയുടെ ഭാഗമായായിരുന്നു ഈ നീക്കം. ഇവരിൽ ചിലരെ തടങ്കലിൽനിന്ന് മോചിപ്പിച്ചെങ്കിലും മുഫ്തി അടക്കമുള്ള ഇരുപതോളം നേതാക്കൾ ഇപ്പോഴും തടവിൽ തുടരുകയാണ്. രണ്ട് വർഷം വരെ ഒരാളെ തടവിൽ പാർപ്പിക്കാൻ പൊതുസുരക്ഷാനിയമം അനുവദിക്കുന്നുണ്ട്. ഇത് രണ്ടാംതവണയാണ് മുഫ്തിയുടെ തടങ്കൽ നീട്ടുന്നത്.

മെഹബൂബ മുഫ്തിയ്ക്കൊപ്പം വീട്ടുതടങ്കലിലായിരുന്ന പീപ്പിൾസ് കോൺഫറൻസ് പാർട്ടി നേതാവ് സജ്ജാദ് ലോണിനെ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. എന്നാൽ മുഫ്തിയടക്കമുള്ള നേതാക്കളുടെ തടങ്കൽ നീട്ടാനായിരുന്നു ഭരണകൂടത്തിന്റെ തീരുമാനം. നേതാക്കളുടെ തടങ്കൽ തുടരുന്നതിൽ പി.ഡി.പി, നാഷണൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികൾ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

Content Highlights:rahul gandhi tweets its high time to release mehabooba mufthi