photo credit twitter@@bharatjodo
കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയിലൂടെ പുതിയ നേതാവിലേക്ക് രൂപം മാറിയ രാഹുല്‍ ഇപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശവും ഊര്‍ജ്ജവുമാണ്. ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിന് പിന്നാലെ ചേരുന്ന പാര്‍ട്ടി പ്ലീനറി സമ്മേളനം വളരെ നിര്‍ണായകമാണ്. പ്രവര്‍ത്തകസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സമ്മേളനം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനുളള ദിശാബോധവും നല്‍കും. തുടര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് നേതൃത്വം കടക്കും. ഔദ്യോഗിക നേതൃത്വത്തില്‍ ഇല്ലെങ്കിലും രാഹുല്‍ ഗാന്ധിയെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ വയനാട്ടിന് പുറമെ മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതു അഭിപ്രായം. അമേഠി ലോക്സഭാ മണ്ഡലത്തില്‍ സ്മൃതി ഇറാനി കനത്ത വെല്ലുവിളി ആയതോടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ കൂടി മത്സരിച്ചത്. തോല്‍വി ഭയന്ന് ന്യൂനപക്ഷങ്ങള്‍ ഏറെയുളള വയനാട്ടില്‍ രാഹുല്‍ അഭയം തേടിയെന്ന് ബിജെപി പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴും പ്രചാരണത്തില്‍ നിന്നും ബിജെപി നേതാക്കള്‍ പിന്നാക്കം പോയിട്ടില്ല.
ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഉത്തരേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തില്‍ കൂടി രാഹുല്‍ ജനവിധി തേടുന്നത് സഹായിക്കുമെന്നാണ് നേതാക്കളുടെ അഭിപ്രായം. രാഹുല്‍ വീണ്ടും അമേഠിയില്‍ മത്സരിക്കുമെന്ന് അജയ് കുമാര്‍ ലല്ലു അടക്കമുളള ഉത്തര്‍ പ്രദേശ് നേതാക്കള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇക്കാര്യം ആരും സ്ഥിരീകരിക്കുന്നില്ല. സ്മൃതി ഇറാനി മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് വിജയത്തുടര്‍ച്ച നല്‍കുമെന്നാണ് മണ്ഡലത്തില്‍ നിന്നുള്ള സൂചനകള്‍. ഈ സാഹചര്യത്തില്‍ രാഹുല്‍ അമേഠിയില്‍ വീണ്ടുമെത്തുന്നത് ആത്മഹത്യപരമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. പരാമ്പരാഗതമായി കോണ്‍ഗ്രസ് മണ്ഡലമായിരുന്നു അമേഠി. 1980ല്‍ സജ്ജയ് ഗാന്ധിയാണ് അമേഠിയില്‍ ആദ്യമായി മത്സരിച്ച ഗാന്ധി-നെഹ്റു കുടുംബാംഗം. പിന്നീട് രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ഇവിടെനിന്ന് എംപിമാരായി. രാഹുല്‍ ഗാന്ധി ആദ്യമായി അമേഠിയില്‍ മത്സരിച്ചത് 2004ലാണ്. തുടര്‍ച്ചയായി മൂന്നു തവണ വിജയിച്ചു. 2019ല്‍ നാലാംതവണ സ്മൃതി ഇറാനിക്ക് മുന്നില്‍ അടിപതറി.
സോണിയ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കാനുളള സാധ്യത വിരളമാണ്. രോഗം അലട്ടുന്നതാണ് പ്രധാനപ്രശ്നം. പാര്‍ട്ടിയില്‍ നിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായാല്‍ മാത്രമേ സോണിയ മത്സരിക്കൂ എന്നതാണ് അവസ്ഥ. സോണിയയുടെ അഭാവത്തില്‍ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ? ആര് മത്സരിക്കുമെന്ന ചോദ്യം കോണ്‍ഗ്രസില്‍ സജീവമാണ്. 80 മണ്ഡലങ്ങളുളള യുപിയില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണ വിജയിച്ച ഏക സീറ്റാണ് റായ് ബറേലി. ലോക്സഭാ മണ്ഡലത്തിന് കീഴിലുളള അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണം സമാജ് വാദി പാര്‍ട്ടിയുടേയും ഒരെണ്ണം ബിജെപിയുടേയും കയ്യിലാണ്. കോണ്‍ഗ്രസിന് അനായാസം വിജയിക്കുക അസാധ്യമെന്ന് സാരം. സോണിയ ഗാന്ധിയ്ക്കു വേണ്ടി റായ് ബറേലിയില്‍ പ്രചാരണം നയിച്ചത് പലപ്പോഴും പ്രിയങ്ക ഗാന്ധിയായിരുന്നു. മണ്ഡലത്തിലെ മുക്കും മൂലയും കൃത്യമായി അറിയാവുന്ന ആള്. യുപിയുടെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രിയങ്ക ഗാന്ധി ഇവിടെ മത്സരിക്കുന്നതായിരിക്കും ഉചിതമെന്നാണ് യുപി നേതാക്കളുടെ പക്ഷം.
അപ്പോഴും ചോദ്യമുയരുന്നത് രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലം ഏത് എന്നതാണ്. യുപിയില്‍ സുരക്ഷിത മണ്ഡലങ്ങളില്ല. പാര്‍ട്ടി ഭരണത്തിലുളള ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ അടുത്ത വര്‍ഷം അവസാനമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതോടെ രണ്ടു സംസ്ഥാനത്തേയും വോട്ടര്‍മാരുടേയും മനസിലിരിപ്പ് വ്യക്തമാകും. അധികാരമില്ലെങ്കിലും കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുളള മധ്യപ്രദേശിലെ ഏതെങ്കിലും മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കാനാണ് സാധ്യത കൂടുതല്‍. കമല്‍നാഥ് ഏറെക്കാലം മത്സരിച്ച ചിന്ത്വരയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരു മണ്ഡലം. നിലവില്‍ കമല്‍നാഥിന്റെ മകന് നകുല്‍നാഥാണ് ഇവിടത്തെ എംപി. 1952 ല്‍ രൂപീകരിച്ച മണ്ഡലത്തില്‍ ഒറ്റത്തവണ മാത്രമാണ് കോണ്‍ഗ്രസ് തോറ്റത്. 18 തവണ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 17 തവണയും മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. കമല്‍നാഥിന്റെ കുടുംബ മണ്ഡലം എന്നു വേണമെങ്കില്‍ പറയാം. കമല്‍നാഥിന്റ ഭാര്യ അല്‍കാ നാഥും ഇവിടെ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 37,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നകുല്‍ നാഥ് വിജയിച്ചത്.
രാഹുല്‍ ഗാന്ധിക്കു വേണ്ടി മണ്ഡലം വിട്ടു കൊടുക്കാന്‍ കമല്‍നാഥ് കുടുംബം തയ്യാറാകും. മധ്യപ്രദേശില്‍ വികസനത്തില്‍ ഏറെ മുന്നില്‍ നില്ക്കുന്ന മണ്ഡലമാണ് ചിന്ത്വാര. കമല്‍നാഥിന്റെ വ്യക്തിപരമായ ഇടപെടലാണ് മണ്ഡലത്തില്‍ വികസനം സാധ്യമാക്കിയത് എന്ന് എതിരാളികള്‍ പോലും സമ്മതിക്കും. ബിഹാര്‍, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ ജയസാധ്യതയുളള മണ്ഡലങ്ങളും പരിഗണനയിലുണ്ട്. ആഭ്യന്തര സര്‍വേകളുടെ അടിസ്ഥാനത്തിലായിരിക്കും രണ്ടാം മണ്ഡലത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനത്തില്‍ എത്തുക.
Content Highlights: Rahul Gandhi to contest in second seat, Raebareli, chhindwara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..