രാഹുൽ ഗാന്ധി | Photo : PTI
ന്യൂഡല്‍ഹി: മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി തിങ്കളാഴ്ച്ച അപ്പീല്‍ നല്‍കും. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ സൂറത്ത് സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കുക. അപ്പീല്‍ നല്‍കുന്നതിനായി രാഹുല്‍ഗാന്ധി സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും.
സി.ജെ.എം. കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ അപ്പീല്‍ നല്‍കുന്നത്. അപ്പീലില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ സി.ജെ.എം. കോടതി വിധി സ്റ്റേ ചെയ്യണമെന്നും രാഹുലിന്റെ അഭിഭാഷകര്‍ നാളെ സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെടും.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകത്തിലെ കോലാറില്‍ മോദി സമുദായത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് രാഹുല്‍ഗാന്ധിക്ക് സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ക്രിമിനല്‍ അപകീര്‍ത്തിക്കേസില്‍ ലഭിക്കാവുന്ന പരമാവധി തടവുശിക്ഷയായ രണ്ടുവര്‍ഷത്തെ തടവാണ് രാഹുലിന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്.എച്ച്. വര്‍മ വിധിച്ചത്. ബി.ജെ.പി. എം.എല്‍.എ. പൂര്‍ണേഷ് മോദിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ കുറ്റക്കാരനാണെന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു.
എന്നാല്‍ സൂറത്ത് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇക്കാര്യം അപ്പീലില്‍ ചൂണ്ടിക്കാട്ടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. രാഹുലിന്റെ പ്രസംഗത്തിനെത്തുടര്‍ന്ന് പരാതിക്കാരനായ പൂര്‍ണേഷ് മോദിക്ക് എന്ത് മാനനഷ്ടമാണ് ഉണ്ടായതെന്ന് വിധിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിശദീകരിച്ചിട്ടില്ല. ഇക്കാര്യവും അപ്പീലില്‍ ചൂണ്ടിക്കാട്ടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Content Highlights: rahul gandhi to challenge conviction in gujarat court tomorrow
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..