അഹമ്മദാബാദ്: ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനം തുടരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഇന്ന് മോദിയെ രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ വിമര്‍ശിച്ചത്.
മോദി ഗുജറാത്തില്‍ നടപ്പാക്കുമെന്നറിയിച്ച വികസന മാതൃക തികഞ്ഞ പരാജയമാണ്. ഇവിടെ മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മോഡല്‍ വികസനം നടപ്പാക്കുമെന്നും രാഹുല്‍ ഉറപ്പ് നല്കി.
ഛോട്ടിലയിലെ ചാമുണ്ഡ മാതാ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി വാഗ്ദാനം ചെയ്ത വികാസ് പദ്ധതി പരാജയപ്പെട്ടതായും രാഹുല്‍ കുറ്റപ്പെടുത്തി.
രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ വരെ മനസിലാക്കിയെന്ന് യശ്വന്ത് സിന്‍ഹയുടെ വാക്കുകളെ ഉദ്ധരിച്ച് രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ എല്ലാ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്കി.
നമ്മുടെ സമ്പദ്ഘടനയില്‍ കള്ളപ്പണം ഉണ്ടാകില്ലെന്ന് അറിയിച്ച് നോട്ട് അസാധുവാക്കി. ഇതുവഴി പിടിച്ചെടുക്കുന്ന കള്ളപ്പണം പാവങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചു. എന്നാല്‍, ആര്‍ക്കെങ്കിലും നയാ പൈസ കിട്ടിയിട്ടുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.
നോട്ട് അസാധുവാക്കലിന്റെ ഗുണഭോക്താക്കളായത് സമ്പന്നരും വന്‍കിട വ്യവസായികളുമാണെന്നും രാഹുല്‍ പറഞ്ഞു.
വിജയ മല്ല്യയുടെ 9000 കോടി ഉള്‍പ്പെടെ വന്‍കിട വ്യവസായികളുടെ 1.3 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി നിഷ്ക്രീയാസ്തിയായി പ്രഖ്യാപിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയില് കാര്‍ഷിക കടങ്ങളായിരിക്കും എഴുതിത്തള്ളുകയെന്നും രാഹുല്‍ അറിയിച്ചു.
വ്യവസായികളുടെ വാക്കുകള്‍ കേട്ടിട്ടാണ് മോദി മന് കി ബാത്തില്‍ വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. എന്നാല്‍, കാര്‍ഷിക കടങ്ങളുടെ കാര്യം പറയുമ്പോള്‍ അദ്ദേഹം മൗനം ഭജിക്കുകയാണെന്നും രാഹുല്‍ പരിഹസിച്ചു. കര്‍ഷകരില്ലാതെ രാജ്യത്തിന് നിലനില്ക്കാന് സാധിക്കില്ലെന്നും രാഹുല്‍ ഓര്‍മപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..