ന്യൂഡല്‍ഹി: വാക്സിന്‍ പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാത്തി'നെ സൂചിപ്പിച്ചാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്.

ജനങ്ങളുടെ മനസ്സ് പറയുന്നത് (മന്‍ കി ബാത്) താങ്കള്‍ക്ക് മനസ്സിലായിരുന്നെങ്കില്‍ വാക്‌സിനായി അവര്‍ക്ക് ഇങ്ങനെ അലയേണ്ടി വരുമായിരുന്നില്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. വാക്സിന്‍ ദൗര്‍ലഭ്യം സംബന്ധിച്ച വാർത്തകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

രാജ്യത്ത് ഉത്സവങ്ങളുടെ കാലമാണ് വരാനിരിക്കുന്നതെന്നും കൂടിച്ചേരലുകളുടെ ഘട്ടങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത് പരിപാടിയില്‍ ആഹ്വാനം ചെയ്തിരുന്നു. കൊറോണ വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന് ആരും മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു.

രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് പറയാനാകില്ലെന്നും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഡിസംബറോടെ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

'നട്ടെല്ലില്ലായ്മയുടെ മറ്റൊരു ഉദാഹരണം' എന്നാണ് രാഹുല്‍ ഗാന്ധി കേന്ദ്രസർക്കാരിന്റെ ഈ നിലപാടിനോട് പ്രതികരിച്ചത്.

Content Highlights: Rahul Gandhi takes another dig against PM Modi