ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ ആശയവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നേതാക്കളുടെ പ്രവര്‍ത്തനം എല്ലാം മാസവും അവലോകനം ചെയ്യുന്നതിനൊപ്പം തന്റെ പ്രവര്‍ത്തനവും വിലയിരുത്താനാണ് അദ്ദേഹം അവസരമൊരുക്കുന്നത്. 

ജനറല്‍ സെക്രട്ടറി, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കള്‍, പാര്‍ട്ടി സെക്രട്ടറിമാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും വിലയിരുത്തുന്നത്. രാഹുലുൾപ്പെടെയുള്ള നേതാക്കള്‍ എല്ലാ മാസവും പത്താം തിയതിക്ക് മുമ്പ് സ്വയം വിലയിരുത്തുന്നതിനുള്ള ചോദ്യങ്ങള്‍ അടങ്ങിയ ഫോം പൂരിപ്പിച്ച് നല്‍കണമെന്നാണ് നിർദേശമെന്ന് രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 

സ്വയം വിലയിരുത്തികൊണ്ടുള്ള റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ടിനാണ് നല്‍കേണ്ടത്. തുടര്‍ന്ന് ഈ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം വിലയിരുത്തിയതിന് ശേഷം 15-ാം തീയതിയോടെ പാര്‍ട്ടി അധ്യക്ഷന് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. 

ഓരോ നേതാക്കള്‍ക്കും ചുമതലയുള്ള സംസ്ഥാനങ്ങള്‍ എത്ര തവണ സന്ദര്‍ശിച്ചു, അവിടെ സംഘടിപ്പിച്ച പരിപാടികളുടെ എണ്ണം, പാര്‍ട്ടി തലത്തില്‍ നടത്തിയ കമ്മിറ്റി യോഗങ്ങള്‍ എന്നിവയാണ് പ്രധാനമായും ചോദിച്ചിരിക്കുന്നത്. കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ലെങ്കില്‍ അതിന്റെ കാരണവും വ്യക്തമാക്കണം.

ഇതാദ്യമായല്ല കോണ്‍ഗ്രസ് ഇത്തരം പദ്ധതി തയാറാക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 

പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ജനങ്ങള്‍ക്കിടയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് കോണ്‍ഗ്രസ് നേതൃത്വം ഇത്തരത്തില്‍ ഒരു പദ്ധതി തയാറാക്കുന്നത്. എന്നാല്‍, പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് സ്ഥാനം നഷ്ടമാകാനും സാധ്യതയുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.