ന്യൂഡല്‍ഹി: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 11 ഗ്രാമീണര്‍ മരിച്ച സംഭവം ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എന്താണ് സംഭവിച്ചത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ മറുപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം നാട്ടില്‍ സാധാരണക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാത്ത ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്നും രാഹുല്‍ തന്റെ ട്വിറ്ററില്‍ ചോദിച്ചു.

നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. 12 ഗ്രാമീണരും ഒരു സുരക്ഷാ സൈനികനുമാണ് കൊല്ലപ്പെട്ടതെന്നാണ് അനൗദ്യോഗിക വിവരം.  മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ഒട്ടിങ് ഗ്രാമത്തില്‍ സുരക്ഷസേന നടത്തിയ ഓപറേഷനിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. രോഷാകുലരായ നാട്ടുകാര്‍ സുരക്ഷാ സേനയുടെ രണ്ട് വാഹനങ്ങള്‍ക്ക് തീയിട്ടു.

മുഖ്യമന്ത്രി നെയ്ഫിയു റിയോ സംഭവത്തില്‍ ഉന്നതതല അന്വേഷണം ഉണ്ടാകുമെന്ന് അറിയിക്കുകയും സമാധാനം നിലനിര്‍ത്താന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

'ഓട്ടിംഗില്‍ സാധാരണക്കാരെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച നിര്‍ഭാഗ്യകരമായ സംഭവം അങ്ങേയറ്റം അപലപനീയമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നു. ഉന്നതതല സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷണം നടത്തി നീതി നടപ്പാക്കും. എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' അദ്ദേഹം ട്വീറ്റ് ചെയ്തു.

ശനിയാഴ്ച വൈകുന്നേരം കല്‍ക്കരി ഖനിയില്‍ നിന്ന് ചില ദിവസവേതന തൊഴിലാളികള്‍ പിക്കപ്പ് വാനില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ഓടിംഗിനും തിരു ഗ്രാമത്തിനും ഇടയിലാണ് സംഭവം.

നിരോധിത സംഘടനയായ എന്‍എസ്സിഎന്‍ (കെ) യുങ് ഓങ് വിഭാഗത്തിന്റെ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പ്രദേശത്ത് ഓപ്പറേഷന്‍ നടത്തുകയായിരുന്ന ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തിന്റെ വിശദാംശങ്ങള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെയും കരസേനാ മേധാവി ജനറല്‍ എം എം നരവാനെയെയും അറിയിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Content Highlights: rahul gandhi slams centre on the grounds of nagaland firing