സത്യപാൽ മാലിക്, രാഹുൽ ഗാന്ധി | Photo: PTI
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ ആരോപണം ട്വിറ്ററിൽ പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുൽവാമ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച പറ്റിയെന്നും മോദിക്കൊപ്പമുള്ളവർ അഴിമതിക്കാരാണെന്നുമായിരുന്നു മാലിക്കിന്റെ ആരോപണം. ദ വയറിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രതികരണം.
'പ്രധാനമന്ത്രി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല' എന്ന അടിക്കുറിപ്പോടെ ദ വയറിന്റെ വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ട്വീറ്റിന് താഴെ സത്യപാൽ മാലിക്കിന്റെ അഭിമുഖത്തിന്റെ വീഡിയോകൾ നിരവധി പേർ ട്വീറ്റ് ചെയ്തു.
'പുൽവാമ ഭീകരാക്രമണ സമയത്ത് രാജ്നാഥ് സിങ് ആയിരുന്നു ആഭ്യന്തരമന്ത്രി. ആക്രമണത്തിൽ പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ വേണ്ടി സി.ആർ.പി.എഫ്. എയർക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കോർബറ്റ് പാർക്കിൽവെച്ച് പുൽവാമ ഭീകരാക്രമണത്തിലെ വീഴ്ചകൾ പ്രധാനമന്ത്രിയോട് ധരിപ്പിച്ചപ്പോൾ ആരോടും പറയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രിക്ക് ജമ്മു കശ്മീരിനെക്കുറിച്ച് ഒന്നും അറിയില്ല.' സത്യപാല്‍ മാലിക്ക് അഭിമുഖത്തിൽ ആരോപിച്ചു.
300 കിലോ ഗ്രാം ആർ.ഡി.എക്സ്. പാകിസ്താനിൽനിന്ന് എത്തി, ജമ്മു കശ്മീരിൽ 10-15 ദിവസത്തോളം ആര്‍ക്കും കണ്ടെത്താനാകാതെ കൈമാറിപ്പോയി എന്നത് ഇന്റലിജൻസിന്റെ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. 2019 ഫെബ്രുവരിയിൽ 40 ജവാന്മാരുടെ ജീവൻ നഷ്ടമായ പുൽവാമ ഭീകരാക്രമണ സമയത്തും ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും ജമ്മു കശ്മീരിൽ സത്യപാൽ മാലിക് ആയിരുന്നു ഗവര്‍ണര്‍.
Content Highlights: rahul gandhi share satyapal malik pulwama and corruption allegations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..