ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന സൂചനകൾ നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി തിരിച്ചുവരണമെന്ന് മുതിർന്ന നേതാക്കളുടെ ആവശ്യത്തിന് 'ആലോചിക്കാം' എന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തന സമിതി യോഗത്തിന് ശേഷം മറുപടി നൽകിയതായാണ് റിപ്പോർട്ട്.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുതിർന്ന നേതാവ് എ.കെ. ആന്റണി തുടങ്ങിയവർ അടക്കമുള്ളവരാണ് രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതിന് മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്ന് അനുകൂലമായ മറുപടി ഉണ്ടായിരിക്കുന്നത്.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിനുണ്ടായ ദയനീയ തോൽവിയുടെ പിന്നാലെയാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെ പാർട്ടിയുടെ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ഉടലെടുത്തിരുന്നു. തുടർന്ന് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുകയും ചെയ്തു.

കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ 2022 സെപ്റ്റംബറില്‍ തിരഞ്ഞെടുക്കുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാനും യോഗത്തിൽ  തീരുമാനിച്ചിട്ടുണ്ട്.

Contet Highlights: Rahul Gandhi Says Will Consider Becoming Congress Chief