ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ നിശബ്ദരാക്കാനുള്ള ഉപകരണമാണ് പെഗാസസ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 
യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടന്ന 'സന്‍സദ് ഘെരാവോ' സമരപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മയ്‌ക്കെതിരേ അദ്ദേഹം പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി. 

'നിങ്ങളുടെ മൊബൈല്‍ ഫോണ്‍ എന്നാല്‍ നിങ്ങളുടെ ശബ്ദമാണ്. എന്റേതു മാത്രമല്ല, ഓരോ ചെറുപ്പക്കാരുടെയും മൊബൈല്‍ ഫോണുകളില്‍ പെഗാസസ്  കയറ്റിവിടാനുള്ള ആശയം പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. നിങ്ങള്‍ സത്യം പറയുകയാണെങ്കില്‍ നിങ്ങളുടെ ഫോണില്‍ നരേന്ദ്ര മോദിയും പെഗാസസും ഉണ്ടാകുമെന്നതാണ് ഈ ആശയം. ജനങ്ങളുടെ ശബ്ദത്തെ നിശബ്ദമാക്കാനുള്ള വഴിയാണ് പെഗാസസ്'- രാഹുല്‍ ആരോപിച്ചു.

രാജ്യത്തെ ചെറുപ്പക്കാര്‍ സത്യം പറയാന്‍ തുടങ്ങുന്ന ദിവസം മോദി സര്‍ക്കാര്‍ തകര്‍ന്നു തരിപ്പണമാകും. മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം രാജ്യത്തെ ചെറുപ്പക്കാര്‍ക്കു ജോലികിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

പെഗാസസ് വിഷയത്തില്‍ പ്രതിപക്ഷം കടുത്ത ഭാഷയില്‍ ആക്രമിക്കുകയും ചാരവൃത്തിയാണെന്ന് ആരോപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും തങ്ങള്‍ക്കതില്‍ പങ്കില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്. 

Content Highlights: rahul gandhi says pegasus a tool to silence people