രാഹുൽ ഗാന്ധി | Photo : ANI
ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പ്രധാനപ്രശ്‌നങ്ങളില്‍ ചോദ്യങ്ങളുന്നയിക്കാന്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ പ്രതിപക്ഷത്തിന് അനുമതി ലഭിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. കൂടാതെ പ്രധാനമന്ത്രിയോടായി പത്ത് ചോദ്യങ്ങളും രാഹുല്‍ പോസ്റ്റില്‍ ഉന്നയിച്ചിട്ടുണ്ട്.
നരേന്ദ്ര മോദിയെ രാജാവ് എന്നാണ് രാഹുല്‍ പോസ്റ്റില്‍ സംബോധന ചെയ്തിട്ടുള്ളത്. ഭീഷണിപ്പെടുത്തിയെന്ന് കരുതി ഉത്തരവാദിത്വങ്ങളില്‍ നിന്നൊഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസ് മോദിയെ അനുവദിക്കില്ലെന്നും ജനങ്ങളുടെ ശബ്ദമാണ് കോണ്‍ഗ്രസെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കായി കോണ്‍ഗ്രസ് ഇനിയും ശബ്ദമുയര്‍ത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതില്‍ രോഷം പൂണ്ടാണ് അദ്ദേഹം 57 എംപിമാരെ അറസ്റ്റ് ചെയ്യുകയും 23 പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
1. 45 കൊല്ലക്കാലയളവിനിടയില്‍ രാജ്യത്തെ തൊഴിലിലായ്മ എന്തുകൊണ്ടാണ് ഇത്രയും ഉയര്‍ന്ന നിലയില്‍ തുടരുന്നത്? 2 കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനത്തിന് എന്താണ് സംഭവിച്ചത്?
2. തൈര്, ധാന്യങ്ങള്‍ തുടങ്ങിയ ആവശ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ചുമത്തി ജനങ്ങളുടെ ഭക്ഷണത്തില്‍ മണ്ണിടുന്നതെന്തിന്?
3. പാചക എണ്ണ, പെട്രോള്‍-ഡീസല്‍, പാചകവാതകം എന്നിവയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് എന്നാണ് ഒരാശ്വാസം ലഭിക്കുക?
4. ഡോളറിനെതിരെ രൂപയുടെ മൂല്യം എണ്‍പതായതെങ്ങനെ?
5. കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ സേനയില്‍ ഒരു നിയമനവും നടത്താതെ അഗ്നിപഥ് എന്ന പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നു. നാല് വര്‍ഷത്തേക്ക് എന്തിനാണ് രാജ്യത്തെ യുവാക്കളെ അഗ്നിവീരന്‍മാരാകാനുള്ള കരാറിന് നിര്‍ബന്ധിതരാക്കുന്നത്?
6. ലഡാക്കിലേയും അരുണാചല്‍പ്രദേശിലേയും അതിര്‍ത്തികളില്‍ ചൈനീസ് സൈന്യം പ്രവേശിച്ചുകഴിഞ്ഞു. എന്തുകൊണ്ടാണ് നിങ്ങള്‍ നിശബ്ദത പാലിക്കുന്നത്, നിങ്ങളെന്താണ് ചെയ്യുന്നത്?
7. വിള പരിരക്ഷ കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 40,000 കോടി രൂപ ലാഭമുണ്ടായി. കര്‍ഷകരുടെ വരുമാനം 2022 ല്‍ ഇരട്ടിയാക്കുമെന്ന വാഗ്ദാനം പാലിക്കുമോ, ആ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്തിന്?
8. താങ്ങുവിലയുടെ കാര്യം എന്തായി? കര്‍ഷകസമരത്തില്‍ രക്തസാക്ഷികളായ കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യം എന്തായി?
9. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ ടിക്കറ്റുകളില്‍ നല്‍കി വന്ന 50 ശതമാനം ഇളവ് നിര്‍ത്തലാക്കിയതെന്തു കൊണ്ട്?
10. 2014 ല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികബാധ്യത 56 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോഴത് 139 ലക്ഷം കോടിയായിരിക്കുന്നു. 2023 മാര്‍ച്ച് ആകുമ്പോഴേക്കും അത് 156 ലക്ഷം കോടിയാകും. എന്തിനാണ് രാജ്യത്തെ കടക്കെണിയില്‍ മുക്കുന്നത്?
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..