ലഖ്‌നൗ : ഹാഥ്റസ് സംഭവത്തിലെ ഇടപെടലില്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ദളിത് പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഹാഥ്റസ് സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി രണ്ടാമതും ശ്രമിക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രതികരണം.

കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും അതുകൊണ്ടാണ് 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ചരിത്രപരമായ വിജയം കൈവരിക്കാനായതെന്നും സ്മൃതി ഇറാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

''എനിക്ക് ജനാധിപത്യ രാഷ്ട്രത്തിലെ ഒരു നേതാവിനെ തടയാന്‍ കഴിയില്ല, പക്ഷേ അവരുടെ ഹാഥ്റസ് സന്ദര്‍ശനം രാഷ്ട്രീയമാണെന്നും അല്ലാതെ ഇരയോട് നീതി പുലര്‍ത്താനല്ലെന്നും ജനം മനസ്സിലാക്കുന്നുണ്ട്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ചില കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വാരാണസിയില്‍ സ്മൃതി ഇറാനിയുടെ കാര്‍ തടഞ്ഞു.

"ദുഃഖാര്‍ത്തരായ കുടുംബത്തെ കണ്ടുമുട്ടുന്നതില്‍ നിന്നും അവരുടെ വേദന പങ്കുവെക്കുന്നതില്‍ നിന്നും എന്നെ തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല.'' എന്ന് ഇന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു

രാഹുലും പ്രിയങ്കയും ഉച്ചകഴിഞ്ഞ് ഹാഥ്റസ് സന്ദര്‍ശിച്ച് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുമെന്നാണറിയുന്നത്. അതേസമയം  മാധ്യമപ്രവർത്തകർക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂവെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

''രാഹുല്‍ ഗാന്ധിയെ അനുവദിച്ചിട്ടില്ല ... നിലവില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ വരവ് നിരോധിച്ചിരിക്കുകയാണ്' ഹാഥ്റസ് ജോയിന്റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീന എഎന്‍ഐ യോട് പറഞ്ഞു, രാഷ്ട്രീയ പ്രതിനിധികളെ അനുവദിക്കാന്‍ ഉത്തരവ് വന്നാല്‍ തങ്ങള്‍ എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ഗ്രേറ്റര്‍ നോയിഡയില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും തടഞ്ഞിരുന്നു.രാഹുല്‍ ഗാന്ധിയുമായുണ്ടായ പിടിവലിക്കിടയില്‍ അദ്ദേഹം വീണതും വാര്‍ത്തയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ അമേഠിയില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നാണ് അവര്‍ പറയുന്നത്.

content highlights: Rahul Gandhi's Hathras Visit "Politics" not for her justice,Says Smriti Irani