രാഹുൽ ഗാന്ധി | Photo:PTI
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ വന്‍ ഇടിവിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ തകര്‍ച്ചയും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
പ്രധാനമന്ത്രിയുടെ പരാജയങ്ങളുടെ പട്ടിക-കുറഞ്ഞ ജിഡിപി, പരമാവധി തൊഴിലില്ലായ്മ, എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തെ തൊഴിലില്ലായ്മ സൂചിപ്പിക്കുന്ന ഗ്രാഫ് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം പുറത്തുവന്ന 2020-'21 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ ട്വീറ്റ്.
കാര്യശേഷിയില്ലാത്ത മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്നുമുതല്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം തകരാന്‍ ആരംഭിച്ചതായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ച കോവിഡ് വ്യാപനത്തിനു മുന്‍പുതന്നെ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ജിഡിപി നാല്പതു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
2019-'20-ല്‍ നാലു ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണ് സമ്പദ്ഘടന 2020-'21 സാമ്പത്തിക വര്‍ഷം 7.3 ശതമാനം കൂപ്പുകുത്തിയത്. സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദമായ 2021 ജനുവരി-മാര്‍ച്ച് കാലയളവില്‍ 1.6 ശതമാനം വളര്‍ച്ച നേടാനായി. ഇതാണ് മൊത്തം സാമ്പത്തിക വര്‍ഷത്തെ ഇടിവ് 7.3 ശതമാനത്തില്‍ ഒതുങ്ങാന്‍ സഹായിച്ചതെന്നും നാലു പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വാര്‍ഷികാടിസ്ഥാനത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) ഇടിയുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: Rahul Gandhi's Fresh Attack, This Time Over GDP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..