ന്യൂഡല്‍ഹി: വാക്‌സിന്‍ ക്ഷാമത്തിനൊപ്പം ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന്റെ ലഭ്യതക്കുറവും ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാരിനുണ്ടായ പരാജയമാണെന്ന് കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ ഇന്ത്യയില്‍ മാത്രം ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയും രാഹുല്‍ പ്രകടിപ്പിച്ചു. വാക്‌സിന്‍ ക്ഷാമത്തിനും കോവിഡ് മരണനിരക്ക് ഉയരുന്നതിലും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചാനിരക്ക് കുറയുന്നതിലും സര്‍ക്കാരിനാണ് ഉത്തരവാദിത്വമെന്നും രാഹുല്‍ സൂചിപ്പിച്ചു. 

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെ പ്രധാനമന്ത്രി ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും രാഹുല്‍ പരിഹസിച്ചു. മുതലകള്‍ നിര്‍ദോഷികളാണ്‌. കൊറോണവൈറസിനെ തുരത്താന്‍ ചെയ്ത പോലെ ബ്ലാക്ക് ഫംഗസിനെ അകറ്റാനും കൈകളും പാത്രങ്ങളും കൊട്ടാന്‍ മോദി താമസിയാതെ ആവശ്യപ്പെടുമെന്നും രാഹുല്‍ പരിഹസിച്ചു.  

ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച ഏറെ പിന്നാക്കാവസ്ഥയിലാണെന്ന് സൂചിപ്പിക്കുന്ന, കേന്ദ്രസര്‍ക്കാരിന്റെ മുന്‍ സാമ്പത്തികോപദേഷ്ടാവ് കൗശിക് ബസു തയ്യാറാക്കിയ ചാര്‍ട്ടും രാഹുല്‍ ട്വിറ്ററില്‍ പങ്കു വെച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരവും ജയറാം രമേശും മോദിക്കെതിരെ വിമര്‍ശനവുമായി രാഹുലിനൊപ്പം ചേര്‍ന്നു. ഇന്ത്യക്കിപ്പോള്‍ മുതലക്കണ്ണീരല്ല വാക്‌സിനാണ് ആവശ്യമെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു. 

ഇന്ത്യയിലെ മന്ദഗതിയിലുള്ള വാക്‌സിന്‍ വിതരണം പരിണതഫലങ്ങള്‍ സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധിയും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുള്ള കാര്യം സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി പി ചിദംബരം ട്വീറ്റ് ചെയ്തു. രാജ്യത്ത് ഇതുവരെ നടന്ന വാക്‌സിന്‍ വിതരണത്തെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പുറത്തു വിടാന്‍ ചിദംബരം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തിയില്ലെങ്കില്‍ കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ രാജ്യത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

Content Highlights: Rahul Gandhi's Dig On Twitter At PM Narendra Modi