അമേഠി/ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ സുപ്രീംകോടതി ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിനെക്കുറിച്ച് രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശം കോടതിയലക്ഷ്യമാണെന്ന് ബിജെപി. കോടതി ഉത്തരവ് പകുതിപോലും വായിക്കാതെ രാഹുല്‍ നടത്തിയ പരാമര്‍ശം കോടതിയലക്ഷ്യം തന്നെയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

റഫാല്‍ കേസില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം അടുത്തിടെ പുറത്തുവന്ന രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രധാനമന്ത്രി മോദി അഴിമതി നടത്തിയെന്ന് രാജ്യത്തെ പരമോന്നത കോടതി വ്യക്തമാക്കിയിരിക്കുന്നു എന്നാണ് രാഹുല്‍ഗാന്ധി പ്രതികരിച്ചത്. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയിട്ടുള്ളത്.

കോടതി ഉത്തരവിന്റെ ഒരു ഖണ്ഡികയുടെ പകുതിപോലും രാഹുല്‍ വായിച്ചുവെന്ന് തോന്നുന്നില്ലെന്ന് നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് രാഹുല്‍ഗാന്ധി പറയുന്നു. അത് കോടതിയലക്ഷ്യമാണ്. കോടതി പറയാത്ത കാര്യങ്ങളാണ് ദീര്‍ഘകാലം രാജ്യംഭരിച്ച പാര്‍ട്ടിയുടെ അധ്യക്ഷന്‍ പറയുന്നത്. നിരാശമൂലമാണിത്.

ഹര്‍ജിക്കാര്‍ നിയമവിരുദ്ധമായി സ്വന്തമാക്കിയെന്ന് സര്‍ക്കാര്‍ പറയുന്ന രേഖകള്‍ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം പരിഗണിക്കാം എന്നുമാത്രമാണ് കോടതി വ്യക്തമാക്കിയത്. കോടതിയെപ്പറ്റി നടത്തിയ അഭിപ്രായ പ്രകടനത്തില്‍ രാഹുല്‍ഗാന്ധി മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു.

റഫാല്‍ ഇടപാടിന്റെ കാര്യത്തില്‍ അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് തുടരുകയാണെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു. അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് റഫാല്‍ വിഷയത്തില്‍ രാഹുല്‍ പ്രതികരിച്ചത്. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന് പരമോന്നത കോടത അംഗീകരിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Rahul Gandhi, Rafale deal, BJP, Contempt of court