ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത വീണ്ടും ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇംഫാലില്‍ വിദ്യാര്‍ഥികളോട് സംവദിക്കവെയാണ് രാഹുലിന്റെ വിമര്‍ശം. തിരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പി - കോണ്‍ഗ്രസ് വാക് പോര് മുറുകിയതിന് പിന്നാലെയാണിത്.

'നമുക്ക് ഇന്നും പ്രധാനമന്ത്രി മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണാന്‍ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി ഏതെങ്കിലും കോളേജില്‍ പോയിട്ടുണ്ടോ ഇല്ലയോ എന്നും ആര്‍ക്കുമറിയില്ല'' - രാഹുല്‍ഗാന്ധി പറഞ്ഞു. 

ഇതാദ്യമായല്ല കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയുന്നത്. 2017 ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നത് കുറ്റമല്ല എന്നായിരുന്നു ദിഗ് വിജയ്സിങിന്റെ മറുപടി.

ഇദ്ദേഹത്തെക്കൂടാതെ എ.എ.പി. നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തിയിരുന്നു.

പ്രധാനമന്ത്രി മോദിയുടെ ബി.എ, എം.എ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ കേന്ദ്രം പുറത്തുവിടുകയും ചെയ്തിരുന്നു. ഡല്‍ഹി, ഗുജറാത്ത് സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകളാണ് പുറത്തുവിട്ടിട്ടുള്ളത്.

Content Highlights: Rahul Gandhi Questions PM Modis educational Qualification