ലഖ്‌നൗ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലഖിംപുരിലെത്തി. ബുധനാഴ്ച രാത്രി ഏഴോടെ ലഖിംപുരിലെത്തിയ രാഹുലും പ്രിയങ്കയും ഉള്‍പ്പെട്ട കോണ്‍ഗ്രസിന്റെ ഏഴംഗ സംഘം കൊല്ലപ്പെട്ട കര്‍ഷരുടെ വീടുകള്‍ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട കര്‍ഷകന്‍ ലവ്പ്രീത് സിങ്ങിന്റെ വീട്ടിലാണ് സംഘം ആദ്യമെത്തിയത്. കൊല്ലപ്പെട്ട പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്റെ കുടുംബത്തെയും സംഘം സന്ദര്‍ശിച്ചു. നീതി നടപ്പാവുംവരെ കൂടെയുണ്ടാവുമെന്ന് രാഹുലും പ്രിയങ്കയും ഉറപ്പുനല്‍കി.

ഡല്‍ഹിയില്‍നിന്ന് രാഹുല്‍ ഉച്ചയ്ക്ക് 12.30-ഓടെയാണ് ലഖിംപുരിലേക്ക് പുറപ്പെട്ടത്. രണ്ടുമണിയോടെ ലഖ്നൗ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ യു.പി. പോലീസ് തടഞ്ഞു. പോലീസ് വാഹനത്തില്‍ ലഖിംപുരിലെത്തിക്കുമെന്ന അധികൃതരുടെ നിര്‍ദേശം തള്ളിയ രാഹുല്‍ ലഖ്നൗ വിമാനത്താവളത്തില്‍ ഒന്നര മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്നാണ് സ്വന്തം വാഹനത്തില്‍ പോകാന്‍ അനുമതി ലഭിച്ചത്. 

വൈകീട്ട് അഞ്ചോടെ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം സീതാപൂരില്‍ പ്രിയങ്കയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ച ഗസ്റ്റ് ഹൗസിലെത്തി. 58 മണിക്കൂര്‍ നീണ്ട തടവിനുശേഷം പുറത്തിറങ്ങിയ പ്രിയങ്കയെയും കൂട്ടി രണ്ടു വാഹനങ്ങളിലായി ലഖിംപൂരിലേക്ക് തിരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍, പ്രിയങ്കയ്‌ക്കൊപ്പം അറസ്റ്റിലായ രാജ്യസഭാംഗം ദീപേന്ദര്‍ സിങ് ഹൂഢ, എ.ഐ.സി.സി. സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും ഒപ്പമുണ്ടായിരുന്നു. 

കര്‍ഷകരുടെ മരണത്തില്‍ ആരോപണവിധേയരായ കേന്ദമന്ത്രിക്കും മകനുമെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ലഖിംപുരില്‍നിന്ന് ഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബി.ജെ.പി. നേതൃത്വവുമായും ചര്‍ച്ച നടത്തി. നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിലും അരമണിക്കൂറോളം മന്ത്രി ചെലവഴിച്ചു. മന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, യുപി സന്ദര്‍ശനം നടത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം അനുമതി തേടിയിരുന്നെങ്കിലും യുപി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ലഖ്നൗവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ഉച്ചയോടെ ലഖ്നൗവിലെത്തിയത്. ഇതിനുപിന്നാലെയാണ് യുപി സര്‍ക്കാര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്.

content highlights: Rahul Gandhi, Priyanka Meet Families Of Farmers Run Over In Utter pradesh