പ്രശാന്ത് കിഷോർ, രാഹുൽ ഗാന്ധി |ഫോട്ടോ:മാതൃഭൂമി,ANI
ന്യൂഡല്‍ഹി:പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസിലേക്കുള്ള വഴിയടച്ചത് രാഹുല്‍ ഗാന്ധിയെ എ.ഐ.സി.സി. അധ്യക്ഷനാക്കരുതെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍. ഇക്കാര്യത്തില്‍ നെഹ്രുകുടുംബത്തിന്റെ വിശ്വസ്തരായ എ.കെ. ആന്റണിയുടെയും കെ.സി. വേണുഗോപാലിന്റെയും നിലപാടുകളും നിര്‍ണായകമായി.
സോണിയക്കും രാഹുലിനും പ്രിയങ്കയ്ക്കും പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അദ്ദേഹത്തെ പാര്‍ട്ടിയില്‍ കൊണ്ടുവരാനും താത്പര്യമായിരുന്നു. എങ്കിലും സ്ഥാനാര്‍ഥിനിര്‍ണയമടക്കമുള്ള കാര്യങ്ങളില്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കുകവഴി പ്രശാന്ത് കിഷോറിന്റെ സമ്പൂര്‍ണനിയന്ത്രണത്തിലേക്ക് പാര്‍ട്ടിവരുമെന്ന ആശങ്ക മുതിര്‍ന്നനേതാക്കള്‍ സോണിയയെ അറിയിച്ചു.
പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ പഠിക്കാന്‍ സോണിയതന്നെ നിയോഗിച്ച എട്ടംഗസമിതിയിലെ അംഗങ്ങളാണ് വിയോജിപ്പറിയിച്ചത്. ദിഗ്വിജയ് സിങ്, ജയറാം രമേഷ്, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ ഇക്കാര്യത്തില്‍ ആശങ്കയുയര്‍ത്തി. സോണിയയുടെ തീരുമാനത്തെ യോഗത്തില്‍ പ്രിയങ്കാഗാന്ധി, അംബികാസോണി എന്നിവര്‍ അനുകൂലിച്ചെങ്കിലും പ്രശാന്ത് കിഷോറിന് സംഘടനയെ തീറെഴുതുന്ന കാര്യത്തിലൊഴികെയുള്ളവ സ്വീകരിക്കാമെന്ന നിലപാടാണ് ആന്റണിയും കെ.സി.യും സ്വീകരിച്ചത്.
രാഹുലിനെ ഒഴിവാക്കി പ്രിയങ്കയെ എ.ഐ.സി.സി. അധ്യക്ഷയാക്കാമെന്ന ആശയവും പ്രശാന്ത് മുന്നോട്ടുവെച്ചിരുന്നു. സംഘടനയില്‍ ചേരുകയാണെങ്കില്‍ അധ്യക്ഷ സോണിയാഗാന്ധിക്ക് നേരിട്ടു റിപ്പോര്‍ട്ടുചെയ്യുന്നവിധത്തിലായിരുന്നു സ്വന്തംപദവി പ്രശാന്ത് കിഷോര്‍ വിഭാവനംചെയ്തത്.
എന്നാല്‍, ഉന്നതാധികാരസമിതിയിലൊരാളായി പരിഗണിക്കാമെന്നുമാത്രമാണ് എട്ടംഗസമിതിയും പിന്നീട് സോണിയയും നിര്‍ദേശിച്ചത്. കോണ്‍ഗ്രസില്‍ പ്രശാന്ത് കിഷോര്‍ ചേരുമ്പോഴും, അദ്ദേഹത്തിന്റെ സ്ഥാപനം തെലങ്കാനയിലെ രാഷ്ട്രീയ എതിരാളി ടി.ആര്‍.എസുമായി കരാറൊപ്പിട്ടതും നേതാക്കളുടെ വിമര്‍ശനത്തിനു കാരണമായി.
പ്രശാന്ത് കിഷോര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ രാജസ്ഥാനില്‍ നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ചചെയ്യും.
പിന്നാലെ നടക്കുന്ന പ്രവര്‍ത്തകസമിതിയോഗം അംഗീകാരം നല്‍കുന്നതോടെ കോണ്‍ഗ്രസ് പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ക്ക് എംപവേര്‍ഡ് കമ്മിറ്റി തുടക്കംകുറിക്കും. ഇതിനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ (രാഷ്ട്രീയം), സല്‍മാന്‍ ഖുര്‍ഷിദ് (സാമൂഹികനീതി-ശാക്തീകരണം), പി. ചിദംബരം (സാമ്പത്തികം), മുകുള്‍ വാസ്‌നിക് (സംഘടന), ഭൂപീന്ദര്‍ സിങ് ഹൂഢ (കര്‍ഷകര്‍, കൃഷി), അമരീന്ദര്‍ സിങ് വാറിങ് (യുവശാക്തീകരണം) എന്നിവര്‍ കണ്‍വീനര്‍മാരായി ആറു സമിതികള്‍ക്ക് രൂപംനല്‍കി.
ഇതില്‍ ജി-23 നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, മനീഷ് തിവാരി തുടങ്ങിയവരും കേരളത്തില്‍നിന്ന് രമേശ് ചെന്നിത്തല, ശശി തരൂര്‍, ആന്റോ ആന്റണി, റോജി എം. ജോണ്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.
Content Highlights: Rahul Gandhi Prashant Kishor-congress
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..