ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ സൈന്യം തന്റെ സ്വകാര്യ സ്വത്താണെന്ന തരത്തില്‍ അവകാശവാദം ഉന്നയിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് ഒരു ലജ്ജയുമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. മിന്നലാക്രമണത്തിന് അമിത പ്രാധാന്യം നല്‍കുന്നത് സൈന്യത്തിന് നല്ലതല്ലെന്ന് ലഫ്. ജനറല്‍ (റിട്ട.) ഡി.എസ് ഹൂഡ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്റെ വിമര്‍ശം.

സൈനിക ജനറലിനെപ്പോലെയാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്ന് രാഹുല്‍ പരിഹസിച്ചു. സൈന്യം തന്റെ സ്വകാര്യ സ്വത്താണെന്ന തരത്തില്‍ സംസാരിക്കാന്‍ 'മിസ്റ്റര്‍ 36' ന് യാതൊരു ലജ്ജയുമില്ല. മിന്നലാക്രമണത്തെ രാഷ്ട്രീയ മൂലധനമായി ഉപയോഗിക്കുന്ന അദ്ദേഹം റഫാല്‍ ഇടപാടിനെ അംബാനിയുടെ മൂലധനം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്നും രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയെ '56 ഇഞ്ച് നെഞ്ച്' എന്ന് നിരന്തരം വിശേഷിപ്പിക്കുന്ന രാഹുല്‍ ഇത്തവണ 'മിസ്റ്റര്‍ 36' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കത്തെ പരിഹസിച്ചാണിത്.

ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തിന് അമിത പ്രാധാന്യം നല്‍കി ഇടയ്ക്കിടയ്ക്ക് ഉയര്‍ത്തിക്കാട്ടുന്നത് സൈന്യത്തിന് നല്ലതല്ലെന്ന് വെള്ളിയാഴ്ചയാണ് ജനറല്‍ ഹൂഡ അഭിപ്രാപ്പെട്ടത്. സൈനിക നീക്കങ്ങള്‍ രാഷ്ട്രീവത്കരിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മിന്നലാക്രമണം നടന്ന സമയത്ത് നോര്‍തേണ്‍ ആര്‍മി കമാന്‍ഡറായിരുന്നു ജനറല്‍ ഹൂഡ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍പ്പോലും മിന്നലാക്രമണം വിഷയമാക്കുന്ന ബിജെപിക്ക് ഹൂഡയുടെ വാക്കുകള്‍ തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

അതിനിടെ, യു.പി.എ ഭരണകാലത്ത് മൂന്നുതവണ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ഗാന്ധി അവകാശപ്പെട്ടിരുന്നു. സൈന്യത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി അക്കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Content Highlights: Rahul Gandhi, PM Narendra Modi, Mr 36, Surgical Strikes