ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക അസമത്വത്തെപ്പറ്റി സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

പോയവര്‍ഷം രാജ്യത്തുണ്ടായ സമ്പത്തിന്റെ 73 ശതമാനവും സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന് വെളിപ്പെടുത്തുന്ന ഓക്‌സ്ഫാം വാര്‍ഷിക സര്‍വേഫലം പുറത്തുവന്ന പശ്ചാത്തലത്തിലാണ് മോദിക്കെതിരായ രാഹുലിന്റെ ട്വീറ്റ്. രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ക്ക് സമ്പത്തിന്റെ 73 ശതമാനവും കൈക്കലാക്കാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുവെന്നും രാഹുല്‍ ട്വീറ്റുചെയ്തു.

ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച അഭിസംബോധന ചെയ്തിരുന്നു. ഇരുപത് വര്‍ഷത്തിനിടെ ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉത്പാദനം (ജി.ഡി.പി) ആറിരട്ടി വര്‍ധിച്ചുവെന്ന് ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയ്ക്കുശേഷം ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്ന രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 1997 ല്‍ നടന്ന സാമ്പത്തിക ഫോറത്തിലാണ് ദേവഗൗഡ പങ്കെടുത്തത്.