വീഡിയോയിൽനിന്ന്
ചണ്ഡീഗഢ്: യാത്രയ്ക്കിടെ തണുത്തുത്തുറഞ്ഞ കാലാവസ്ഥയിലും ടീഷര്‍ട്ട് ധരിക്കുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. ഇത്തരമൊരു തീരുമാനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ ഉണ്ടായ ഒരു സംഭവമാണ് കൊടുംതണുപ്പിലും ടീ ഷർട്ട് മാത്രം ധരിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് ഹരിയാനയിലെ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞു.
വെള്ള ടീഷര്‍ട്ട് ധരിക്കുന്നത് എന്തുകൊണ്ടാണ്, തണുപ്പനുഭവപ്പെടില്ലേ എന്ന് ജനങ്ങള്‍ എന്നോട് ചോദിക്കുന്നു. അതിനുള്ള കാരണം ഞാന്‍ പറയാം. യാത്ര തുടങ്ങിയപ്പോള്‍ കേരളത്തില്‍ ചൂടായിരുന്നു. പിന്നീട് മധ്യപ്രദേശില്‍ പ്രവേശിച്ചതോടെ ചെറിയ തോതില്‍ തണുപ്പുവന്നു. ഒരു ദിവസം കീറിയ വസ്ത്രങ്ങളണിഞ്ഞ മൂന്ന് പാവപ്പെട്ട പെണ്‍കുട്ടികള്‍ എന്റെയടുക്കല്‍ വന്നു. ഞാന്‍ അവരെ ചേര്‍ത്തുപിടിച്ചു. തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളില്ലാതെ വിറയ്ക്കുകയായിരുന്നു അവർ. അന്ന് ഞാനൊരു തീരുമാനമെടുത്തു, തണുത്തു വിറയ്ക്കുന്ന അവസ്ഥയുണ്ടാകുംവരെ ടീഷര്‍ട്ട് മാത്രമേ ധരിക്കൂ എന്ന്', രാഹുല്‍ ഗാന്ധി പറഞ്ഞു.
ആ പെണ്‍കുട്ടികള്‍ക്ക് ഒരു സന്ദേശം നല്കാന് താന്‍ ആഗ്രഹിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. 'നിങ്ങള്‍ തണുപ്പനുഭവിക്കുകയാണെങ്കില് രാഹുല്‍ ഗാന്ധിയും തണുപ്പനുഭവിക്കും. തണുത്തു വിറയ്ക്കുമ്പോള്‍ മാത്രമേ സ്വെറ്റര്‍ ധരിക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ', രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
നേരത്തെ, കൊടും തണുപ്പില്‍ രാഹുല്‍ ടിഷര്‍ട്ട് മാത്രം ധരിച്ച് നടക്കുന്നതിന്റെ രഹസ്യം കണ്ടെത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് ബിജെപി രംഗതെത്തിയിരുന്നു. ടീഷര്‍ട്ടിനുള്ളില്‍ രാഹുല്‍ തെര്‍മല്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഭാരത് ജോഡോ യാത്രയ്ക്കിടെ അദ്ദേഹം ധരിച്ച ടീഷര്‍ട്ടിന്റെ അകത്ത് മറ്റൊരു വസ്ത്രം ധരിച്ചതായി വ്യക്തമാക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബിജെപി പക്ഷത്തിന്റെ ട്വീറ്റുകള്‍.
Content Highlights: rahul gandhi on t shirt in biting cold
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..