ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്രത്തിന് സുപ്രീം കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

"റഫാല്‍ ഇടപാടില്‍ തനിക്ക് സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കി എന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സുപ്രീ കോടതി വ്യക്തമാക്കിയിരിക്കുന്നു. റഫാല്‍ ഇടപാടില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നു"- രാഹുല്‍ പറഞ്ഞു. അമേഠി മണ്ഡലത്തില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്നും പ്രധാനമന്ത്രി അനില്‍ അംബാനിക്ക് മുപ്പതിനായിരം കോടി നല്‍കിയെന്നും സുപ്രീം കോടതി അംഗീകരിച്ചിരിക്കുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി താനുമായി സംവാദത്തിന്‌ തയ്യാറാവുകയാണെങ്കില്‍, രാജ്യത്തെ ജനങ്ങളുടെ മുഖത്ത് നോക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. സുപ്രീം കോടതിക്ക് നന്ദി പറയുന്നതായും കോടതി ഇന്ന് നീതി നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അതിനാല്‍ അവ പരിശോധിക്കരുതെന്നുമുള്ള കേന്ദ്രത്തിന്റെ ആവശ്യം ബുധനാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം പുറത്തുവന്ന രേഖകളും പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ചോര്‍ത്തിയ രേഖകള്‍ പരിഗണിക്കാമെന്ന് ഉത്തരവിട്ടത്. 

content highlights: rahul gandhi on supreme court ruling on rafale deal