ശ്രീനഗര്‍: ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിയില്‍ കാശ്മീര്‍ ജനത മുറിവേറ്റിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ  സന്ദര്‍ശനത്തിനായി കശ്മീരില്‍ എത്തിയ രാഹുല്‍ ഗാന്ധി ശ്രീനഗറിലെ പുതിയ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പദവി കിട്ടുന്നത് വരെ ഞാന്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മുവും ലഡാക്കും താന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എയര്‍പോര്‍ട്ടില്‍ തന്നെ തടഞ്ഞു. എന്നാല്‍ താന്‍ ഇനിയും വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കാശ്മീരില്‍ എത്തിയ രാഹുല്‍ ഗാന്ധി ഖീര്‍ ഭവാനി ക്ഷേത്രത്തിലും ഹസ്രാത്തബെല്‍ ആരാധനാലയത്തിലും പുഷ്പാര്‍ച്ചന നടത്തി. ഞങ്ങളുടെ കുടുംബം ഡല്‍ഹിയില്‍ താമസിക്കുന്നു, അതിന് മുന്‍പ് അലഹാബാദിലായിരുന്നു. അതിനും മുന്‍പ് കാശ്മീരിലായിരുന്നു. കശ്മീരിന്റെ ഒരംശം തന്റെയുള്ളിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. കാശ്മീര്‍ വിഷയം സ്‌നേഹത്തിന്റെ പാതയില്‍ തീര്‍പ്പാക്കണമെന്നായിരുന്നു തങ്ങള്‍ ആഗ്രഹിച്ചിരുന്നത്. പരസ്പര വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കണ്ണികളാണ് ഇവിടെ കൂടി ചേരേണ്ടത്.  എന്നാല്‍ ബി.ജെ.പി അത്തരം നല്ല നീക്കങ്ങളെല്ലാം തകര്‍ത്തു. 

കേന്ദ്രസർക്കാരിനെതിരെ രാഹുല്‍ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ഞങ്ങളെ പാര്‍ലമെന്റില്‍ ഒന്നും പറയാന്‍ കേന്ദ്രം അനുവദിക്കുന്നില്ല. പെഗാസസ്, തൊഴില്‍ ഇല്ലായ്മ, കാശ്മീര്‍, അഴിമതി പോലെ തങ്ങള്‍ ഉയര്‍ത്തിയ ഒരു വിഷയത്തിലും തങ്ങളെ ഒന്നും പറയാന്‍ കേന്ദ്രം അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ തുടർന്നുള്ള പ്രതിഷേധത്തില്‍ മുന്‍ മുഖ്യമന്ത്രിമാർ അടക്കം 16,500 പേരാണ് ജയിലില്‍ അടയ്ക്കപ്പെട്ടതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിച്ചതിന് ശേഷം മാത്രമായിരിക്കും ഇവിടെ തിരഞ്ഞെടുപ്പ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ജമ്മു കാശ്മീര്‍ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

'ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും ജമ്മു കാശ്മീരിനെക്കാള്‍ ചെറുതാണ്. എന്നാല്‍ സംസ്ഥാനങ്ങളാണ്. കശ്മരീകള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കിയത് മഹാരാജാ ഹരി സിങ്ങാണ്. ഇപ്പോള്‍ തൊഴിലില്ലായ്മ രൂക്ഷമാകുകയും വ്യവസായങ്ങള്‍ തകരുകയും ചെയ്തു. നിലവിലെ പാര്‍ലമെന്റ് സമ്മേളനത്തിന്  മൂന്ന് ദിവസം കൂടി സമയമുണ്ട്. കേന്ദ്രത്തിന് ജമ്മു കാശ്മീരിന് സംസ്ഥാനപദവി നല്‍കി ബില്ല് പാസാക്കാന്‍ കഴിയും. അതിന് അഞ്ചേ അഞ്ചു നിമിഷം മാത്രം മതി', ആസാദ് പറഞ്ഞു.

Content Highlights: rahul gandhi on removing statehood of jammu and kashmir; slams aganist centre