ഗാന്ധിനഗര്‍: 2028ല്‍ ഓരോ ഗുജറാത്തിക്കും ചന്ദ്രനില്‍ ഒരു വീട് നല്‍കുമെന്നും  2030നുള്ളില്‍ മോദി ചന്ദ്രനെ തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരുമെന്നും പറഞ്ഞ് മോദിക്ക് നേരെ രാഹുല്‍ ഗാന്ധിയുടെ പരിഹാസ വര്‍ഷം. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ പരിഹസിച്ചത്.

'2022ഓടു കൂടി ഗുജറാത്തില്‍ നിന്ന് ദാരിദ്ര്യം തുടച്ചു നീക്കുമെന്നാണ് മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. 22 വര്‍ഷം ഭരിച്ചിട്ട് ദാരിദ്ര്യം തുടച്ച് നീക്കാന്‍ ഒന്നും ചെയ്യാതിരുന്നവരാണ് ഇപ്പോള്‍ ഇത് പറയുന്നത്‌.

അതു കൊണ്ട് തന്നെ അടുത്തതായി അദ്ദേഹം പറയാന്‍ പോവുന്ന കാര്യം ഞാന്‍ പറയാമെന്ന്' പറഞ്ഞു കൊണ്ടാണ് രാഹുല്‍ ഗാന്ധി മോദിയെ പരിഹസിച്ചത്.

'2025ഓടു കൂടി  ഓരോ ഗുജറാത്തിയെയും അദ്ദേഹം ചന്ദ്രനിലേക്ക് പറഞ്ഞയയ്ക്കും, 2028ല്‍ ചന്ദ്രനിലുള്ള ഓരോരുത്തര്‍ക്കും അദ്ദേഹം സ്വന്തമായി വീട് നല്‍കും. എന്നിട്ട് 2030ഓടു കൂടി ചന്ദ്രനെത്തനെ അദ്ദേഹം ഇന്ത്യയിലേക്ക് കൊണ്ടു വരും', സദസ്സിനെ ഇളക്കി മറിച്ചു കൊണ്ട് രാഹുല്‍ ഗന്ധി പ്രസംഗം തുടര്‍ന്നു.

തന്റെ ഗുജറാത്ത് പര്യടനത്തിലുടനീളം അമിത്ഷായുടെ മകന്‍ ജയ് ഷായ്ക്ക നേരെ ഉയര്‍ന്ന ആരോപണം രാഹുല്‍ ആയുധമാക്കി. മധ്യഗുജറാത്തിലെ ആദിവാസി ഭൂരിപക്ഷ പ്രദേശത്തെ കേന്ദ്രീകരിച്ചായിരുന്നു രാഹുലിന്റെ പര്യടനം. പാവപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് വേണ്ടി മോദി എന്താണ് ചെയ്തതെന്നും രാഹുല്‍ ചോദിച്ചു.

'ചില ആദിവാസി ബാലന്‍മാരെ ഞാന്‍ കണ്ടിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് അഞ്ചു ലക്ഷം രൂപ അടക്കാനാവാതെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതിന്റെ ദുഃഖത്തിലായിരുന്നു അതിലൊരാള്‍. പണമില്ലാത്തിനാല്‍ അവനോട് അവന്റെ അച്ഛനാണ് പഠനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഈ ബാലന് വേണ്ടി മോദി എന്താണ് ചെയ്തത്', രാഹുല്‍ ചോദിച്ചു.

യുപിഎ സര്‍ക്കാര്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 35000 കോടി രൂപ തൊഴില്‍ ഉത്പാദനത്തിനായി സംസ്ഥാനത്തിന് നല്‍കിയപ്പോള്‍ മോദി നാനോ കാര്‍ പ്ലാന്റ് തുടങ്ങാന്‍ ടാറ്റയ്ക്ക് 33000 കോടിയാണ് നല്‍കിയത്. അയാള്‍ നിങ്ങളുടെ ഭൂമിയും വെള്ളവും എല്ലാം തട്ടിപ്പറിച്ച് വ്യവസായികള്‍ക്ക് പകുത്തു നല്‍കുകയായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.