ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ അനാവരണം ചെയ്ത ദേശീയ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതി രാജ്യത്തെ കഴിഞ്ഞ 70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

ഇന്ത്യയുടെ കിരീടത്തിലെ രത്‌നങ്ങളെയാണ് മോദി സര്‍ക്കാര്‍ വിറ്റ് തുലയ്ക്കുന്നത്. തന്റെ ചില വ്യവസായി സുഹൃത്തുക്കളെ സഹായിക്കാനാണ് മോദി ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. സ്വകാര്യവത്കരണത്തിന് കോണ്‍ഗ്രസ് എതിരല്ലെന്നും എന്നാല്‍ തങ്ങളുടെ നയത്തിന് ഒരു യുക്തിയുണ്ടായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരിന്റെ നയം രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്നും രാഹുല്‍ വിമര്‍ശിച്ചു.

നിയമാനുസൃതമായ കൊള്ള, സംഘടിതമായ കവര്‍ച്ച എന്നാണ് കോണ്‍ഗ്രസ് മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതിയെ വിമര്‍ശിച്ചത്. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ പതിറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസര്‍ക്കാര്‍ അവരുടെ കോടീശ്വരന്മാരായ 'സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു.

നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ വിറ്റഴിക്കുന്നതാണ് നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമാണ് ധനമന്ത്രി പദ്ധതി അനാവരണം ചെയ്തത്. പൂര്‍ണമായും വിറ്റഴിക്കുകയല്ലെന്നും ഉഉസ്ഥാവകാശം കേന്ദ്രത്തിന് തന്നെയാണെന്നും ഉദ്ഘാടന വേളയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്റെ ഭാഗമായി റോഡുകള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, ഗ്യാസ് ലൈനുകള്‍ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുക.

Content Highlights: Rahul Gandhi on National monetisation pipeline