ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാതെ കേന്ദ്രസര്‍ക്കാര്‍ ബ്ലൂ ടിക്കിനായി ട്വിറ്ററുമായി പോരാട്ടം നടത്തുകയാണെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി ഉപരാഷ്ട്രപതി അടക്കമുള്ളവരുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് നീക്കംചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാഹുലിന്റെ ട്വിറ്ററിലൂടെയുള്ള വിമര്‍ശനം.

രാജ്യം കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് വാക്‌സിനായി നെട്ടോട്ടമോടുമ്പോള്‍ സര്‍ക്കാര്‍ ട്വിറ്ററിലെ ബ്ലൂ ടിക്കിനുവേണ്ടി യുദ്ധംചെയ്യുകയാണ്. വാക്‌സിന്‍ ലഭിക്കണമെങ്കില്‍ ഓരോരുത്തരും സ്വയംപര്യാപ്തര്‍ (ആത്മനിര്‍ഭര്‍) ആകേണ്ട ആവസ്ഥയാണുള്ളതെന്നും രാഹുല്‍ പരിഹസിച്ചു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസ്. നേതാക്കളുടെയും വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ടിക് ട്വിറ്റര്‍ ശനിയാഴ്ച നീക്കിയിരുന്നു. പിന്നീട് ഇത് പുനഃസ്ഥാപിച്ചു. ആറുമാസമായി അപൂര്‍ണമോ നിഷ്‌ക്രിയമോ ആയിരിക്കുന്ന അക്കൗണ്ടുകളിലെ ബ്ലൂ ടിക് സ്വാഭാവികമായി നീക്കം ചെയ്യപ്പെടുമെന്നും അതാണ് കമ്പനിയുടെ നയമെന്നും ട്വിറ്റര്‍ വിശദീകരിച്ചു. പ്രമുഖ വ്യക്തികളുടെ ആധികാരികവും ശ്രദ്ധേയവും സക്രിയവുമായ അക്കൗണ്ടുകള്‍ക്കാണ് സമൂഹികമാധ്യമങ്ങള്‍ ബ്ലൂ ബാഡ്ജ് നല്‍കുന്നത്.

അതിനിടെ, ഇന്ത്യ ആസ്ഥാനമായി ഓഫീസര്‍മാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍, ബാധ്യതകളില്‍നിന്നൊഴിയാന്‍ പുതിയ നിയമപ്രകാരമുള്ള അവസരം ഇല്ലാതാകുമെന്ന് ശനിയാഴ്ച ഐ.ടി. മന്ത്രാലയം ട്വിറ്ററിനെ അറിയിച്ചിട്ടുണ്ട്.

Content Highlights: Rahul Gandhi mocks Centre for fight over Twitter blue tick, Narendra Modi