ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി മോദിയുടെ ഫെയര്‍ ആന്‍ഡ് ലവ്ലി പദ്ധതിയാണെന്ന് രാഹുല്‍ ഗാന്ധി. ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ പ്രയോഗം നടത്തിയത്. പ്രധാനമന്ത്രിയല്ല രാജ്യം. താന്‍ ആര്‍.എസ്.എസില്‍നിന്നല്ല, അതുകൊണ്ട് തനിക്കു തെറ്റു പറ്റുമെന്നും പരിഹാസരൂപത്തില്‍ രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ നിന്ന്:

 • തൊഴിലുറപ്പ് പദ്ധതി മോശം പദ്ധതിയാണെന്നായിരുന്നു മോദി പറഞ്ഞിരുന്നത്. എന്നാലും എന്‍.ഡി.എ സര്‍ക്കാര്‍ അത് ഒഴിവാക്കില്ല, കാരണം യു.പി.എയുടെ പരാജയപ്പെട്ട പദ്ധതിയായി അത് കാണണമെന്നാണ് മോദി പറഞ്ഞത്.
 • എന്നാല്‍ അരുണ്‍ ജെയ്റ്റ്ലി എേെന്നാടു പറഞ്ഞത് വളരെ നല്ല പദ്ധതിയാണെന്നാണ്. എന്ത് കൊണ്ടിത് നിങ്ങളുടെ നേതാവിനോട് പറയുന്നില്ലെന്നാണ് ഞാന്‍ അപ്പോള്‍ ചോദിച്ചത്.
 • ബജറ്റ് പ്രസംഗത്തില്‍ ജെയ്റ്റ്ലി തൊഴിലുറപ്പ് പദ്ധതിക്ക് പണം അനുവദിക്കുന്നത് കേട്ടപ്പോള്‍ ചിദംബരം യു.പി.എയുടെ ബജറ്റ് അവതരിപ്പിക്കുകയാണെന്ന് ഒരു നിമിഷം കരുതിപ്പോയി.
 • മെയ്ക്ക് ഇന്ത്യ പദ്ധതിയുടെ ലോഗോയായ സിംഹമാണ് എല്ലായിടത്തും. പക്ഷേ ഇതുവരെ ഈ പദ്ധതി പ്രകാരം ആര്‍ക്കും ജോലി കിട്ടിയിട്ടില്ല.
 • രോഹിത് വെമൂലയുടെ അമ്മയോട് ഒന്ന് സംസാരിക്കാനോ ആ വിഷയത്തെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കാനോ മോദി തയ്യാറിയിട്ടില്ല. 
 • കനയ്യ ജെ.എന്‍.യുവില്‍ നടത്തിയ പ്രസംഗം മുഴുവന്‍ ഞാന്‍ കേട്ടു. അതില്‍ ഒരു വാക്കു പോലും രാജ്യവിരുദ്ധമായിട്ടില്ല. എന്നാല്‍ നിങ്ങള്‍ അയാളെ ജയിലിലാക്കി. 
 • ജെ.എന്‍.യുവില്‍ പഠിക്കുന്ന 40 ശതമാനം കുട്ടികളുടേയും മാതാപിതാക്കളുടെ വരുമാനം 6000 രൂപയില്‍ താഴെയാണ്. അവര്‍ പാവപ്പെട്ടവരും ദളിതരുമായതുകൊണ്ടാണ് നിങ്ങള്‍ അവരെ പീഡിപ്പിക്കുന്നത്. 
 • അധ്യാപകരെ മര്‍ദിക്കണമെന്ന് ഏത് വിശുദ്ധ ഗ്രന്ഥമാണ് പറയുന്നത്. എന്നിട്ട് എന്തിനാണ് പട്യാലഹൗസ് കോടതിക്ക് മുന്നില്‍ വെച്ച് ജെ.എന്‍.യു അധ്യാപകരേയും വിദ്യാര്‍ഥികളേയും മാധ്യമപ്രവര്‍ത്തകരേയും തല്ലിച്ചതച്ചത്. അതിനെതിരെ നിങ്ങളുടെ സര്‍ക്കാര്‍ ഒരു വാക്കു പോലും പറയാത്തത് എന്ത്കൊണ്ടാണ്. 
 • നാം ദേശീയ പതാകയെ ബഹുമാനിക്കുമ്പോള്‍ വെറും തുണിയെയല്ല, അത് പ്രതിനിധീകരിക്കുന്ന ബന്ധത്തെയാണ് ആദരിക്കുന്നത്.
 • ദേശീയ പതാകയെ ആദരിക്കുക എന്ന് പറയുമ്പോള്‍ ഓരോ ഇന്ത്യക്കാരന്റേയും അഭിപ്രായത്തെ ആദരിക്കുക എന്നാണ് അര്‍ത്ഥം. 
 • ആരുടെ അഭിപ്രായങ്ങളാണ് പ്രധാനമന്ത്രി കേള്‍ക്കുന്നത്. മന്ത്രിമാരുടേയോ? 
 • അദ്വാനിയുടെയും രാജ്‌നാഥ് സിംഗിന്റെയും സുഷമ സ്വരാജിന്റെയും വാക്കുകള്‍ പ്രധാനമന്ത്രി കേള്‍ക്കണം. 
 • അഭിപ്രായ വ്യത്യാസമുള്ളവര്‍ക്ക് ജീവിക്കാന്‍ സാധ്യമായ രാജ്യത്താണ് ജീവിക്കുന്നുവെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. 
 • ആരുടേയും അഭിപ്രായം മാനിക്കേണ്ടതില്ലെന്നും സത്യം നിങ്ങള്‍ പറയുന്നത് മാത്രമാണന്നുമായിരിക്കും ആര്‍.എസ്.എസിലെ നിങ്ങളുടെ അധ്യാപകര്‍ നിങ്ങളെ പഠിപ്പിച്ചത്. 
 • ആരുടേയും അഭിപ്രായം കേള്‍ക്കാതെ പ്രധാനമന്ത്രിക്ക് രാജ്യം ഭരിക്കാനാവില്ല. 
 • രാജ്യം എന്നാല്‍ പ്രധാനമന്ത്രിയോ, പ്രധാനമന്ത്രി എന്നാല്‍ രാജ്യമോ അല്ല. 
 • മുംബൈ ആക്രമണ വേളയില്‍ മുംബൈ സന്ദര്‍ശിക്കരുതെന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയോട് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷിച്ചിരുന്നു. അദ്ദേഹം അത് കേട്ടില്ല.
 • സാധാരണക്കാരായ ആളുകള്‍ മരിക്കുമ്പോള്‍ മാധ്യമങ്ങളില്‍ തലക്കെട്ട് വരുത്താനായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി ശ്രമിച്ചത്.
 • മുംബൈ ആക്രമണം പാകിസ്താന്റെ നേരിട്ടുള്ള ആക്രമണമായിരുന്നു. ഇരുന്നൂറോളം പേര്‍ ക്രൂരമായി കൊല്ലപ്പെട്ടു. 
 • കശ്മീരില്‍ സമാധാനമുണ്ടാക്കിയ പദ്ധതികളായിരുന്നു യു.പി.എയുടേത്. പക്ഷേ ഇപ്പോള്‍ അവിടെ വീണ്ടും കലാപ ഭൂമിയായി. 
 • യു.പി.എ ചെയ്ത സമാധാന നടപടികള്‍ മുഴുവന്‍ പ്രധാനമന്ത്രി നശിപ്പിച്ചു. 
 • എന്നിട്ട് പ്രധാനമന്ത്രി എന്താണ് ചെയ്തത്. ഒരു ചിന്തയും വീക്ഷണവുമില്ലാതെ പാകിസ്താന്‍ പ്രധാനമന്ത്രിയോടൊപ്പം പോയി ചായ കുടിച്ചു. തന്റെ അഭിപ്രായം മാത്രം മതിയെന്നാണ് അദ്ദേഹം കരുതുന്നത്. 
 • സൈന്യത്തോടോ, ഉദ്യോഗസ്ഥരോടോ, വിദഗ്ധരോടോ  ആലോചിക്കാതെയാണ് പ്രധാനമന്ത്രി ഇതെല്ലാം ചെയ്തത്. സുഷമാ സ്വരാജിനോട് പോലും ആലോചിച്ചിരിക്കാന്‍ ഇടയില്ലെന്നാണ് ഞാന്‍ കരുതുന്നത്. 
 • പ്രധാനമന്ത്രി ഈ രാജ്യത്തെ കേള്‍ക്കണം. രാജ്നാഥ് സിങിനേയും സ്മൃതി ഇറാനിയേയും സുഷമ സ്വരാജിനേയും കേള്‍ക്കണം. നിങ്ങളുടെ എം.പി മാരെ കേള്‍ക്കണം.
 • പ്രതിപക്ഷത്തുള്ള ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല. ഞങ്ങളേയും കേള്‍ക്കണം. ഞങ്ങള്‍ നിങ്ങളെ വെറുക്കുന്നില്ല. ഓരോ ആളുകള്‍ക്കും അവരവരുടേതായ മാന്യത നല്‍കുകയും അവരെ കേള്‍ക്കുകയും വേണം. 
 • നാഗാലാന്‍ഡിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി മുമ്പ് അവകാശപ്പെട്ടത്. 
 • അവിടുത്തെ മുഖ്യമന്ത്രിയെ ഒന്നും അറിയിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പോലും ഒന്നുമറിയില്ല.
 • നാഗാ സമാധാന കരാറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? അത് അന്തരീ*ക്ഷത്തില്‍ ലയിച്ചു പോയോ? കാറ്റില്‍ പറന്നു പോയോ?