ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കര്‍ണാടകത്തിലേക്ക്. ഫെബ്രുവരി പത്ത് മുതല്‍ 12 വരെ അദ്ദേഹം കര്‍ണാടകത്തിലുണ്ടാവും. കോണ്‍ഗ്രസ് നേതാക്കളുമായും വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായും സന്ദര്‍ശനത്തിനിടെ അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വര പറഞ്ഞു.

അതിനിടെ, സംസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അവകാശപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ സന്തുഷ്ടനാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും സര്‍ക്കാര്‍ പാലിച്ചുവെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു. ഗൗരവമേറിയ പ്രശ്‌നങ്ങള്‍ ഒന്നും സംസ്ഥാനത്ത് ഇല്ലാത്തതിനാലാണ് നിസാര പ്രശ്‌നങ്ങളുയര്‍ത്തി ബി.ജെ.പി വിമര്‍ശം ഉന്നയിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തരത്തിലുള്ള ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.