ന്യൂഡല്‍ഹി: കായിക താരങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും എത്തുന്നതിനിടെ മുന്‍പ് പ്രഖ്യാപിച്ച സമ്മാനത്തുകകള്‍ നല്‍കാത്തതിനെതിരേ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. 2018ലെ ഏഷ്യന്‍ ഗയിംസില്‍ മെഡല്‍ നേടിയവര്‍ക്കടക്കം സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ച സമ്മാനത്തുകകള്‍ നല്‍കിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ ചൂണ്ടിക്കാട്ടി.

ടോക്യോ ഒളിംപിക്‌സില്‍ മെഡലുകള്‍ നേടിയവരെ വീഡിയോ കോളിലൂടെയും മറ്റും പ്രധാനമന്ത്രി അടക്കമുള്ള മന്ത്രിമാരും നേതാക്കളും അഭിനന്ദിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുകകളും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഭിനന്ദനവുമായി വരുന്നതിനു മുന്‍പ് പണ്ട് പ്രഖ്യാപിച്ച സമ്മാനങ്ങള്‍ നല്‍കാന്‍ രാഹുല്‍ ആവശ്യപ്പെട്ടത്.

കായികതാരങ്ങള്‍ക്ക് അഭിനന്ദനത്തോടൊപ്പം മുന്‍പ് പ്രഖ്യാപിച്ച സമ്മാനം നല്‍കണം. വീഡിയോ കോളുകള്‍ മതിയാക്കാം, സമ്മാനത്തുകകള്‍ കൈമാറുകയാണ് ഇപ്പോള്‍ വേണ്ടത്, രാഹുല്‍ ഗാന്ധി ഇസ്റ്റഗ്രാമില്‍ കുറിച്ചു. നാലു വര്‍ഷമായിട്ടും ഒളിംപിക് അവാര്‍ഡ് ജേതാക്കള്‍ക്ക് പ്രഖ്യാപിക്കപ്പെട്ട അവാര്‍ഡ് തുക നല്‍കിയില്ലെന്ന പത്രവാര്‍ത്തയും താരങ്ങളുടെ പഴയ ട്വീറ്റുകളും അദ്ദേഹം ഇതിനൊപ്പം പങ്കുവെച്ചു.

ടോക്യോ ഒളിംപിക്‌സില്‍ മെഡലുകള്‍ നേടിയവര്‍ അടക്കം നിരവധി താരങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയാണ് സമ്മാനമായി വിവിധ  സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ അവാര്‍ഡ് തുകകള്‍ നല്‍കിയില്ലെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ടോക്യോയില്‍ മെഡല്‍ നേടിയ നീരജ് ചോപ്ര, ബജ്‌റംഗ് പുനിയ എന്നിവര്‍ക്കും വാഗ്ദാനം ചെയ്ത സമ്മാനത്തുകകള്‍ നല്‍കിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബജ്‌റംഗ് പുനിയയും നീരജ് ചോപ്രയും 2019ല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

Content Highlights: Rahul Gandhi Jabs PM Over Tokyo Heroes' Old Posts