Kapil Sibal | Photo: ANI
ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിനും രാഹുല്‍ ഗാന്ധിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് നേതൃത്വം സാങ്കല്പിക ലോകത്താണെന്ന് പറഞ്ഞ സിബല്‍, പാര്‍ട്ടിയെ ഒരു വീട്ടില്‍ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും പറഞ്ഞു. പദവി രാജിവെച്ചിട്ടും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനെപ്പോലെ പെരുമാറുന്നു. പഞ്ചാബില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ ചോദിച്ചു.
' രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് എല്ലാവരും പറയുന്നു. പക്ഷേ അത് തനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. ഇത് പറയുന്നവര്‍ ഒന്നും ചിന്തിച്ചിട്ടില്ലെന്ന് വ്യക്തം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷനല്ലെന്നും അത് സോണിയാ ഗാന്ധിയാണെന്നും താന്‍ അനുമാനിക്കുന്നു. രാഹുല്‍ ഗാന്ധി പഞ്ചാബില്‍ പോയി ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം നടത്തി. എന്ത് പദവിയുടെ ബലത്തിലാണ് അദ്ദേഹം അത് ചെയ്തത്?', കപില്‍ സിബല്‍ പറഞ്ഞു.
പാര്‍ട്ടിയുടെ അധ്യക്ഷനല്ലായിരുന്നിട്ടും രാഹുല്‍ ഗാന്ധി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്നും സിബല്‍ ആരോപിച്ചു. അദ്ദേഹം ഇപ്പോള്‍ തന്നെ പ്രസിഡന്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെ എന്തിനാണ് തിരികെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുന്നത്. അദ്ദേഹം ചട്ടപ്രകാരം പ്രസിഡന്റാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ അതില്‍ കാര്യമില്ലെന്നും സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവത്തക സമിതി അംഗങ്ങള്‍ നേതൃത്വത്തിന്റെ നോമിനികളാണ്. കോണ്‍ഗ്രസ് പ്രവത്തക സമിതിക്ക് പുറത്തും കോണ്‍ഗ്രസുണ്ട്, അവരുടെ ശബ്ദവും കേള്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരുടേയും കോണ്‍ഗ്രസ് (സബ് കി കോണ്‍ഗ്രസ്) വേണമെന്നത് തികച്ചും തന്റെ വ്യക്തിപരമായ വീക്ഷണമാണ്. മറ്റു ചിലര്‍ക്ക് 'ഘര്‍ കി കോണ്‍ഗ്രസ്' ആണ് വേണ്ടത്. എനിക്ക് തീര്‍ച്ചയായും ഒരു 'ഘര്‍ കി കോണ്‍ഗ്രസ്' അല്ല ആവശ്യം. എന്റെ അവസാന ശ്വാസം വരെ 'സബ് കി കോണ്‍ഗ്രസിന്' വേണ്ടി ഞാന്‍ പോരാടും. 'സബ് കി കോണ്‍ഗ്രസ്' എന്നാല്‍ എല്ലാവരം ഒന്നിച്ചുകൂടുക എന്നല്ല, മറിച്ച് ബിജെപിയെ ആഗ്രഹിക്കാത്ത ഇന്ത്യയിലെ എല്ലാവരെയും ഒന്നിച്ചുനിര്‍ത്തുക എന്നതാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്ന് പറഞ്ഞ സിബല്‍ 2014 മുതല്‍ കോണ്‍ഗ്രസ് താഴേക്ക് പോവുകയാണെന്നും പറഞ്ഞു. ഒന്നിന് പിന്നാലെ ഒന്നായി സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. വിജയിച്ചിടത്ത് പോലും എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ല. അതിനിടെ, നേതൃത്വത്തിന്റെ അടുപ്പക്കാരടക്കം പ്രധാന വ്യക്തികള്‍ പാര്‍ട്ടി വിട്ടു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നേതൃത്വത്തോട് അടുപ്പമുള്ളവര്‍ പാര്‍ട്ടി വിട്ടുപോയി. 2014 മുതല്‍ 177 എംപിമാരും എംഎല്‍എമാരും 222 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസ് വിട്ടുവെന്നും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇത്തരത്തിലുള്ള കൊഴിഞ്ഞുപോക്ക് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Rahul Gandhi is not the president of the party, but he takes all the decisions, says Kapil Sibal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..