ചണ്ഡീഗഡ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നിപ്പാ വൈറസിനോട് ഉപമിച്ച് ഹരിയാന മന്ത്രി അനില്‍ വിജ്. രാഹുലുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് സര്‍വ്വനാശമാണ് ഫലമെന്നാണ് അനില്‍ വിജ് ട്വീറ്റ് ചെയ്തത്.

'രാഹുല്‍ ഗാന്ധി നിപ്പാ വൈറസ് പോലെയാണ്. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി രാഹുലുമായി ബന്ധം സ്ഥാപിച്ചാല്‍ അവര്‍ നശിക്കുമെന്നുറപ്പ്.' അനില്‍ വിജ് ട്വീറ്റ് ചെയ്തു.

മുമ്പും നിരവധി വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളിലിടം നേടിയിട്ടുള്ള വ്യക്തിയാണ് അനില്‍ വിജ്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തത് നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായകമാകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

രാഹുലിന്റെ വീട്ടിലെ നായക്കും വീട്ടിലെത്തുന്നവര്‍ക്കും ആഹാരം നല്‍കുന്നത് ഒരേ പാത്രത്തിലാണെന്ന പ്രസ്താവനയും അദ്ദേഹത്തെ വിവാദത്തിലാക്കിയിട്ടുണ്ട്.

രാഹുലിന് വളര്‍ത്തുനായയും പാര്‍ട്ടിപ്രവര്‍ത്തകരും ഒരുപോലെയാണെന്നായിരുന്നു അന്ന് അനില്‍ വിജ് പറഞ്ഞത്. 

Content Highlights: Rahul Gandhi is like nipah virus says haryana minister anil vij