പാറ്റ്‌ന: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്ഷേത്ര വിരുദ്ധനാണെന്നും അദ്ദേഹം കുറി ചര്‍ത്തുന്നതും വിശുദ്ധ വസ്ത്രം ധരിക്കുന്നതും ഇത് മറയ്ക്കാനാണെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. 

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദ് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ പൂജ നടത്തിയതില്‍ കപട മതേതരവാദിയായിരുന്ന അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അതൃപ്തി രേഖപ്പെടുത്തിയിരുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുന്നി വഖഫ് ബോര്‍ഡിനു വേണ്ടി മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ഹാജരാകുന്നതിനെയും സുശീല്‍ കുമാര്‍ മോദി കുറ്റപ്പെടുത്തി. രാഹുലിന്റെ ക്ഷേത്ര വിരുദ്ധ നിലപാടുള്ള വ്യക്തിയാണ് കപില്‍ സിബല്‍ എന്നായിരുന്നു കുറ്റപ്പെടുത്തല്‍. 

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ അയോധ്യ കേസ് പരിഗണിക്കരുതെന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതികരിക്കാന്‍ തയ്യാറായതുമില്ല.

 

രാഹുല്‍ ഗാന്ധി കുറിയും തൊട്ട് വിശുദ്ധ വസ്ത്രവും ധരിച്ച് ക്ഷേത്രങ്ങള്‍ തോറും വിനോദസഞ്ചാരം നടത്തുന്നയാളാണ് രാഹുലെന്നും അദ്ദേഹം കുറ്റപ്പെടുത്തിരുന്നു.