ന്യൂഡല്‍ഹി: സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതിരോധത്തിലായ ബി.ജെ.പി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത്. രാഹുലിന്റെ വിദ്യഭ്യാസ യോഗ്യതകള്‍ പരിശോധിച്ചാല്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ്‌ലി ആരോപിച്ചു. 

രാഹുലിന് എം.ഫില്‍ ബിരുദം കിട്ടിയത് പി.ജി യോഗ്യത ഇല്ലാതെയാണെന്നായിരുന്നു ജെറ്റ്‌ലിയുടെ മറ്റൊരു ആരോപണം. നേരത്തെ ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയും രാഹുലിന്റെ വിദ്യാഭ്യാസ യോഗ്യതകളെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. 

നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ ഡിഗ്രി പാസായിട്ടില്ലെന്നാണ് കാണിച്ചിരുന്നത്‌. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഡിഗ്രി പാസായിട്ടുണ്ട് എന്നാണ് സ്മൃതി ഇറാനി പറഞ്ഞിരിക്കുന്നതെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 

തെരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദിയാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനോട് കള്ളം പറഞ്ഞെന്ന ആരോപണം തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിയത്.

content highlights: Rahul Gandhi got an M.Phil without a Masters degree says Jaitley