ന്യുഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താനായി ട്രാക്ടര്‍ ഓടിച്ച് പാര്‍ലമെന്റിലെത്തി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 

'ഞാന്‍ കര്‍ഷകരുടെ സന്ദേശം പാര്‍ലമെന്റിലേക്ക് കൊണ്ടുവന്നു. സര്‍ക്കാര്‍ കര്‍ഷകരുടെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുകയാണ്, പാര്‍ലമെന്റില്‍ ഒരു ചര്‍ച്ച നടത്താന്‍ പോലും അവര്‍ അനുവദിക്കുന്നില്ല. ഈ കറുത്ത നിയമങ്ങള്‍ അവര്‍ക്ക് റദ്ദാക്കേണ്ടിവരും. ഈ നിയമങ്ങള്‍ രണ്ട്,മൂന്ന് വന്‍കിട വ്യവസായികൾക്ക് അനുകൂലമാണെന്ന് രാജ്യത്തുള്ളവര്‍ക്കെല്ലാം അറിയാം'  രാഹുല്‍ ഗാന്ധി പറയുന്നു. 

'കര്‍ഷകര്‍ വളരെ സന്തുഷ്ടരാണെന്നും, പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തീവ്രവാദികളാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വാസ്തവത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ അപഹരിക്കപ്പെടുകയാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കര്‍ഷകരെ രാഷ്ട്രീയ ഉപകരണമായി പ്രതിപക്ഷം ഉപയോഗിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

'രാഹുല്‍ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണ്. കര്‍ഷകരെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നു. നിയമങ്ങളില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അവ പുനര്‍നിര്‍മിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്' ബിജെപി എം.പി വിനയ് സഹസ്രബുദ്ധെ പറഞ്ഞു.

Content Highlights: Rahul Gandhi drives a tractor to the parliament supporting farmer protests