രാഹുല്‍ തിരിച്ചുവരുമോ? കോണ്‍ഗ്രസ് അതിജീവിക്കുമോ കൊഴിഞ്ഞുവീഴുമോ?


By രാജലക്ഷ്മി മതിലകത്ത്

3 min read
Read later
Print
Share

രാഹുൽ ഗാന്ധി | ഫോട്ടോ: എ.എഫ്.പി.

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ കോടതിവിധിയിലും അതിനുപിന്നാലെയുണ്ടായ അയോഗ്യതാ പ്രഖ്യാപനത്തിലും രാഷ്ട്രീയ കൗതുകങ്ങളും ചരിത്രപരമായ മരവിപ്പുമുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിജീവിക്കുമോ അതോ കൊഴിഞ്ഞുവീഴുമോ എന്നതിന് വരുംദിവസങ്ങള്‍ മറുപടി പറയും. അടിക്കുമ്പോള്‍ മൂര്‍ഖന്റെ പത്തിക്ക് അടിക്കണം എന്നതാണ് എന്നും രാജനീതി. രാജാവ് പ്രത്യക്ഷദൈവമായി നില്‍ക്കുമ്പോള്‍ ജനാധിപത്യത്തിലും ഇതുതന്നെ നീതി.

സൂറത്ത് കോടതി വ്യക്തമാക്കുന്ന ഒരു സംഗതി പരമപ്രധാനമാണ്. ഭരണഘടനാവകാശങ്ങള്‍ ആരേയും എന്തും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യമല്ല. രാഹുല്‍ ഗാന്ധി, എല്ലാവരുടെയും പേരിൽ മോദിയുള്ളത് എന്തുകൊണ്ടെന്ന് ചോദിക്കുമ്പോള്‍ അതില്‍ വലിയ തോതിലുള്ള അവകാശലംഘനവും അഭിമാനക്ഷതവുമുണ്ട്. അതിനാല്‍ പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവുതന്നെ വിധിക്കുന്നു. ഇത് എല്ലാവര്‍ക്കും മാതൃകയാവണം, എന്നതാണ് കോടതിയുടെ നിലപാട്.

സാധാരണഗതിയില്‍ അഞ്ഞൂറു രൂപ ശിക്ഷയിലോ കര്‍ശന താക്കീതിലോ ഒക്കെ ഒതുങ്ങേണ്ടുന്ന ഒന്നാണ്. പ്ലാസ്റ്റിക് കത്തിച്ച് ബ്രഹ്‌മപുരമാക്കിയ അവസ്ഥയിലാണ് കോണ്‍ഗ്രസ്. കോലാര്‍ ഇപ്പോള്‍ സ്വര്‍ണഖനിയാവുന്നത് ബി.ജെ.പിക്കാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് കോലാറില്‍ രാഹുല്‍ ഗാന്ധി ഈ പ്രസംഗം നടത്തുന്നത്.

നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത് എന്ന ചോദ്യം വന്ന സഹചര്യം കേവലം തിരഞ്ഞെടുപ്പ് പ്രസംഗം മാത്രം. അണികളെ ആവേശം കൊള്ളിക്കാന്‍ ആര്‍ത്തലയ്ക്കുന്ന വാക്കുകളുടെ ഇരമ്പമായിരുന്നു അത്. ഇനി അങ്ങനെ വേണ്ട എന്ന കല്‍പനയാണ് സൂറത്ത് കോടതിയുടേത്.

രാഹുല്‍ ഗാന്ധി| Photo: PTI

ചില ഓര്‍മകള്‍ ഇവിടെ പങ്കുവെക്കാവുന്നതാണ്. ലക്ഷദ്വീപ് എം.പി. ആയിരുന്ന മുഹമ്മദ് ഫൈസല്‍ അയോഗ്യനായത് ഓര്‍ക്കുക. മുന്‍ എം.പി. പി.എം. സയ്ദിന്റെ മരുമകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഫൈസലിന് കവരത്തി കോടതി പത്തുവര്‍ഷം തടവു വിധിച്ചത്. മേല്‍ക്കോടതിയെ സമീപിക്കും മുമ്പേ ഫൈസലിനെ സ്പീക്കര്‍ അയോഗ്യനാക്കി. കോടതി സ്റ്റേ നല്‍കിയിട്ടും യോഗ്യത പുനഃസ്ഥാപിക്കപ്പെട്ടില്ല.

ഇതിന് പിന്നാലെ കാലചക്രവും നിയമചക്രവും രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ഉരുളാന്‍ തുടങ്ങി. മല്ലികാര്‍ജുന ഖാര്‍ഗെയെപ്പോലുള്ള നേതാക്കള്‍ വിധിക്ക് പിന്നാലെ യോഗം ചേര്‍ന്നു. തിങ്കളാഴ്ച മുതല്‍ സമരം ശക്തമാക്കാന്‍ തീര്‍ച്ചയാക്കി. കോണ്‍ഗ്രസ് എണീറ്റ് വരുമ്പോഴേക്കും സ്പീക്കര്‍ ഓടി. രാഹുല്‍ അയോഗ്യനായി. ബി.ജെ.പി. കളം മാറ്റിപ്പിടിച്ചു. കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള സമരം ഭരണഘടനാ ലംഘനമാണ് എന്നായി നേതാക്കള്‍. ജുഡീഷ്യറിയുടെ തീരുമാനത്തെ തെരുവില്‍ ചോദ്യംചെയ്യുന്ന ഏര്‍പ്പാട് ഭരണഘടനാവിരുദ്ധമെന്ന് ആഞ്ഞടിച്ചു. എന്തായാലും വിധി വന്ന് വൈകാതെ രാഹുല്‍ അയോഗ്യനായി.

സത്യവും അഹിംസയും തന്നെയാണ് ഈ പ്രതിഷേധത്തിലും കോണ്‍ഗ്രസിന്റെ മുദ്രാവാക്യങ്ങള്‍. എന്നാല്‍ 1932-ലെ ജനുവരിത്തണുപ്പല്ല രാജ്യത്ത്, 2023 ലെ ചൂടുകാലം. അന്ന് വെല്ലിങ്ടണ്‍ പ്രഭു എന്ന വൈസ്രോയി ഗാന്ധിജിയെ അറസ്റ്റ് ചെയ്തപ്പോള്‍ സത്യത്തിനും അഹിംസയ്ക്കും വില ഉണ്ടായിരുന്നു. കോണ്‍ഗ്രസ് സമരസജ്ജമായിരുന്നു. രാജ്യമെമ്പാടും കോണ്‍ഗ്രസ് എന്ന സംഘടന ഉണ്ടായിരുന്നു. രാഹുലിനെ അങ്ങനെ കാണുന്നില്ല രാജ്യം. കേരളത്തിന് പുറത്ത് എത്ര സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് സംഘടനാപരമായി ശക്തമെന്നതും പ്രധാനം. സമരം അതിവേഗം ആലോചിക്കാനുള്ള പ്രാപ്തി പോലുമില്ലാത്ത പാര്‍ട്ടിയാണിപ്പോള്‍ കോണ്‍ഗ്രസ്..

കോണ്‍ഗ്രസ് കൊഴിഞ്ഞുവീഴുമെന്ന് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി വരെ പ്രവചിക്കുന്നതും ഇതേ ഊഹങ്ങളിലാവണം. പ്രതിപക്ഷത്തെ നിര്‍വീര്യമാക്കുന്ന ബി.ജെ.പി. തന്ത്രം മുമ്പെന്നത്തേക്കാള്‍ ശക്തമാവുമ്പോള്‍ സ്തംഭിച്ചു നില്‍പാണ് കോണ്‍ഗ്രസ്.

മാധ്യമങ്ങളോട് വളരെ വ്യക്തമായി സര്‍ക്കാര്‍ പറഞ്ഞു, എതിര്‍ക്കുമ്പോള്‍ സൂക്ഷിക്കുക. അല്ലെങ്കില്‍ എം.സി. ജോസഫൈന്‍ പറഞ്ഞപോലെ അനുഭവിച്ചോ. ബി.ബി.സി. റെയ്ഡ് ഇതിന്റെ തുടക്കം മാത്രമായി. കരുത്തരെന്ന് കരുതപ്പെടുന്നവര്‍ക്കു നേരേ തന്നെ ആദ്യ ആക്രമണം. എന്നുവെച്ചാല്‍ മറ്റെല്ലാവരും തൃണസമാനം. നിങ്ങള്‍ പേന കയ്യിലെടുക്കുന്നു എങ്കില്‍ ഏതു നിമിഷവും ചോദ്യം ചെയ്യാന്‍ തയ്യാറാവണം. അതിനായി മാധ്യമങ്ങളെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കാന്‍ വ്യാപക നീക്കം.

ഇതിന്റെ രണ്ടാം ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷത്ത് ഇന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ അതിന് പറ്റിയത് രാഹുല്‍ തന്നെ. ഭാരത് ജോഡോ കഴിഞ്ഞ് പ്രതിപക്ഷനിര കെട്ടിപ്പടുക്കും എന്ന് സ്വപ്നം കാണുന്നവന്‍. ബി.ജെ.പിയെ ശക്തമായി വിമര്‍ശിക്കുന്നവന്‍. ഇന്നോളം ബി.ജെ.പിയുമായി സന്ധി ചെയ്തിട്ടില്ലെന്ന രാഷട്രീയ ചരിത്രമുള്ളവന്‍. അതിനാല്‍ അറസ്റ്റ്.

എങ്ങനെ സമരം എന്നതില്‍പോലും ഇപ്പോഴും ധാരണയില്ലാതെ അലയുകയാണ് കോണ്‍ഗ്രസ്. പഴയ കാലത്തെ പോലെ ധര്‍ണയും സത്യാഗ്രഹങ്ങളും റോഡിലിറങ്ങി അക്രമവും കാണിക്കാനുള്ള കാലമല്ലെന്ന് നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് മറന്നുപോയിരിക്കുന്നു. സമരങ്ങളെ ഗാന്ധിയന്‍ കാലത്തുനിന്ന് തെല്ലും മുന്നോട്ടു കൊണ്ടുപോയിട്ടില്ല കോണ്‍ഗ്രസ്. പുതിയ കാലത്തെ അഭിമുഖീകരിച്ചിട്ടുമില്ല. ഷാ കമ്മിഷന് എതിരേ ഡല്‍ഹിയില്‍ നടുറോഡില്‍ കുത്തിയിരുന്ന ഇന്ദിരാ ഗാന്ധിയെപ്പോലും ഓര്‍മ്മയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയില്‍ ബാക്കിയില്ല. എന്നെ തടവിലിടൂ എന്ന് ഉറച്ച് പറഞ്ഞ് ശിക്ഷ സ്വീകരിക്കാന്‍ രാഹുലിന് ആത്മവിശ്വാസമില്ല. രാഹുലിനെ തടവിലിട്ടാല്‍ ആ സമരത്തിന് തയ്യാറെടുക്കാന്‍ സോണിയാ ഗാന്ധിക്കു ശക്തിയില്ല. അങ്ങനെ ചെയ്താല്‍ മോദി അംഗീകരിക്കുകയുമില്ല. പാര്‍ട്ടി സംവിധാനമില്ല. പ്രിയങ്ക വന്നാല്‍ വാദ്രയ്ക്ക് എതിരായ കേസുകളുടെ ഭൂതം കുടത്തില്‍നിന്ന് പുറത്തെത്തും എന്ന പേടിയുമുണ്ട്.

പ്രിയങ്കാ ഗാന്ധി വാദ്ര, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി | ഫോട്ടോ: പി.ടി.ഐ.

വയനാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുമോ? അങ്ങനെയെങ്കില്‍ മലയാളിക്ക് മറ്റൊരു ഉത്സവം കൂടി കാണാന്‍ ഭാഗ്യം കിട്ടിയേക്കും. അപ്പോഴും ചില വിധിവൈപരീത്യങ്ങളുണ്ട്. ജനപ്രാതിനിധ്യനിയമത്തില്‍ മന്‍മോഹന്‍ സിങ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞതായിരുന്നു രാഹുല്‍. അന്നത് പാസാക്കി നിയമമാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ സ്ഥാനം നഷ്ടമാവില്ലായിരുന്നു.

സൂറത്ത് കോടതി വിധി പ്രതിപക്ഷ ഐക്യത്തിന് വഴിയൊരുക്കുമോ? കോടതിവിധി ജനാധിപത്യത്തില്‍ അമിതബലപ്രയോഗമായെന്ന ജനവികാരത്തിന് കാരണമാകുമോ? പുതിയ പരീക്ഷണങ്ങള്‍ സംഭവിക്കുമോ?

രാഷ്ട്രീയത്തില്‍ ഒന്നും അസാധ്യമല്ല. ഇന്നത്തെ ഇന്ത്യയില്‍ ഒന്നും എളുപ്പവുമല്ല. പ്രത്യേകിച്ചും ആത്മത്യാഗപ്രചോദിതരായ നേതാക്കന്മാരുടെ എണ്ണം കുറഞ്ഞുവരുമ്പോള്‍. അതെന്തായാലും കര്‍ണാടകത്തിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും വാവിട്ട വാക്കുകള്‍ വിക്ഷേപിക്കാന്‍ നേതാക്കന്മാര്‍ ഇനി രണ്ടു വട്ടം ചിന്തിക്കേണ്ടി വരും.

Content Highlights: rahul gandhi disqualified

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Goods Train

1 min

ട്രെയിനിന് അടിയിൽപ്പെട്ട് 4 പേർക്ക് ദാരുണാന്ത്യം; മരിച്ചത് മഴ നനയാതിരിക്കാൻ തീവണ്ടിക്കടിയിൽ ഇരുന്നവർ

Jun 7, 2023


manipur violence

1 min

മണിപ്പുരിൽ വെടിയേറ്റ 8 വയസ്സുകാരനുമായി പോയ ആംബുലൻസിന് തീയിട്ടു; കുട്ടിയും അമ്മയുമടക്കം 3 പേർ മരിച്ചു

Jun 7, 2023


manipur

2 min

ശാന്തമാകാതെ മണിപ്പുര്‍,അമ്മയേയും മകനേയും തീയിട്ട് കൊന്നു; അമിത് ഷായുടെ വീടിന് മുന്നില്‍ പ്രതിഷേധം

Jun 7, 2023

Most Commented