രാഹുൽ ഗാന്ധി | Photo: PTI
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസിൽ സൂറത്ത് കോടതിയുടെ വിധി രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയഭാവിയെ തുലാസിലാക്കിയേക്കും. രണ്ടോ അതിലധികമോ കൊല്ലം ശിക്ഷിക്കപ്പെട്ടാല്‍ പാര്‍ലമെന്ററി പദവിയില്‍ അയോഗ്യത കല്‍പിക്കപ്പെടുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതിനാല്‍ത്തന്നെ മേല്‍ക്കോടതി വിധിയായിരിക്കും ഇനി നിര്‍ണായകമാകുക.
അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും രണ്ടുകൊല്ലം തടവിന് വിധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, സാങ്കേതികമായി രാഹുല്‍ ഗാന്ധി ലോക്സഭാ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെടാനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്. ലോക്‌സഭാ സെക്രട്ടേറിയേറ്റിലേക്ക് സൂറത്ത് കോടതിയുടെ ഉത്തരവ് എത്തുന്നതോടെ ഇക്കാര്യത്തിൽ ഒരു വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
കോടതിവിധിക്കും കുറ്റക്കാരനെന്ന കണ്ടെത്തലിനും ശിക്ഷയ്ക്കും കോടതിയുടെ സ്‌റ്റേ ലഭിച്ചാൽ മാത്രമേ രാഹുലിന് ഈ കേസിൽ ആശ്വാസം ലഭിക്കുകയുള്ളൂ. ജില്ലാ കോടതിയോ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഇങ്ങനെ മേല്‍ക്കോടതികള്‍ ഏതെങ്കിലും ഒന്നില്‍നിന്ന് രാഹുലിന് അനുകൂല വിധി ലഭിച്ചാല്‍ മാത്രമേ അയോഗ്യത ഒഴിവാക്കപ്പെടുകയുള്ളൂ.
സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (സി.ജെ.എം.) കോടതിയാണ് കേസില്‍ ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സി.ജെ.എം. കോടതിക്ക് തൊട്ടുമുകളിലുള്ള ജില്ലാ കോടതി കുറ്റക്കാരനെന്ന കണ്ടെത്തലും ശിക്ഷയും സ്‌റ്റേ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ രാഹുലിന് ആശ്വസിക്കാം. അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ ശിക്ഷയും അതിനു ശേഷമുള്ള ആറുകൊല്ലത്തെ അയോഗ്യതയും രാഹുലിന് ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ എട്ടുകൊല്ലം രാഹുലിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാതെവരും.
കുറ്റക്കാരനെന്ന് കണ്ടെത്തുകയും രണ്ടുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷിക്കപ്പെടുകയും ചെയ്താല്‍ ആ നിമിഷം മുതല്‍ അയോഗ്യത നിലവില്‍ വരുമെന്നാണ് 2013-ലെ ലില്ലി തോമസ് കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്. ലില്ലി തോമസ് കേസിലെ ഈ ഉത്തരവ് മറികടക്കാന്‍ അന്നത്തെ യു.പി.എ. സര്‍ക്കാര്‍ ഒരു ഓർഡിനന്‍സ് കൊണ്ടുവരാൻ ശ്രമം നടത്തി. എന്നാൽ അന്ന് രാഹുൽ ഗാന്ധി അതിനെ എതിർത്തിരുന്നു.
ജനപ്രതിനിധി ശിക്ഷിക്കപ്പെടുന്നപക്ഷം അപ്പീല്‍ നല്‍കാന്‍ മൂന്നുമാസത്തെ കാലാവധി അനുവദിക്കുന്ന, മുൻപ് നിലവിലുണ്ടായിരുന്ന ചട്ടം തിരിച്ചുകൊണ്ടുവരാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, ആ ഭേദഗതി ബില്ലിന്റെ പകര്‍പ്പ് പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍വെച്ച് രാഹുല്‍ ഗാന്ധി കീറിയെറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അന്നത്തെ ആ ഭേദഗതി, നിയമം ആയി മാറിയിരുന്നെങ്കില്‍ രാഹുലിന് ഇപ്പോള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധി ഒഴിവാകുമായിരുന്നു.
Content Highlights: rahul gandhi disqualification surat court defamation case verdict
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..