1. ഡൽഹി പോലീസ് രാഹുലിന്റെ വസതിക്ക് മുന്നിൽ 2. രാഹുൽ ഗാന്ധി | Photo - ANI, PTI
ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് നല്‍കിയ നോട്ടീസിന് നാല് പേജുള്ള പ്രാഥമിക മറുപടി നല്‍കി രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതുമായി ബന്ധപ്പെട്ട് ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഡല്‍ഹി പോലീസ് രാവിലെ വീട്ടിലെത്തി കോണ്‍ഗ്രസ് എംപിക്ക് നോട്ടീസ് നല്‍കിയത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് രാഹുല്‍ നോട്ടീസിന് പ്രാഥമിക മറുപടി നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു. വിശദമായ മറുപടി നല്‍കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് രാഹുല്‍ ഡല്‍ഹി പോലീസിനെ അറിയിച്ചിട്ടുണ്ട്.
ഡല്‍ഹി പോലീസിന്റെ നടപടി മുന്‍പ് കേട്ടിട്ടില്ലാത്ത തരത്തിലുള്ളതാണെന്ന് നാല് പേജുള്ള മറുപടിയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശ്രീനഗറിലെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ 45 ദിവസം കഴിഞ്ഞ് ഡല്‍ഹി പോലീസ് തന്റെ വസതിയിലെത്താനും നോട്ടീസ് നല്‍കാനും തിടുക്കം കാട്ടിയത് എന്തിനാണ്? രാജ്യം ഭരിക്കുന്ന പാര്‍ട്ടി അടക്കമുള്ള മറ്റുപാര്‍ട്ടികള്‍ രാഷ്ട്രീയ യോഗങ്ങള്‍ക്കിടെ നടത്തുന്ന പ്രസംഗങ്ങളുടെ പേരില്‍ ഇത്തരത്തിലുള്ള സൂക്ഷ്മപരിശോധനയ്‌ക്കോ ചോദ്യംചെയ്യലിനോ വിധേയരാകാറുണ്ടോ എന്നും പ്രാഥമിക മറുപടിയില്‍ രാഹുല്‍ ചോദിച്ചിട്ടുണ്ട്.
ജനുവരി 30-ന് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് ഡല്‍ഹി പോലീസ് രാഹുലിന് നോട്ടീസ് നല്‍കിയിരുന്നത്. നോട്ടീസിന് വിശദമായ മറുപടി നല്‍കാന്‍ 8-10 ദിവസം വേണമെന്നാണ് രാഹുല്‍ ഡല്‍ഹി പോലീസിനെ അറിയിച്ചിട്ടുള്ളത്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ സാഗര്‍പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച രാവിലെ പത്തോടെ തുക്ലഗ് ലെയ്‌നിലുള്ള രാഹുലിന്റെ വസതിയിലെത്തിയത്. രണ്ട് മണിക്കൂര്‍ കാത്തുനിന്ന ശേഷമാണ് സംഘത്തിന് രാഹുലിനെ കാണാന്‍ കഴിഞ്ഞതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നീട് ഉച്ചയ്ക്ക് ഒരു മണിയോടെ രാഹുല്‍ കാറോടിച്ച് വസതിക്ക് പുറത്തേക്ക് പോകുകയും ചെയ്തിരുന്നു.
ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിലെ പ്രസംഗത്തിനിടെയാണ് ലൈംഗിക അതിക്രമം സംബന്ധിച്ച പരാമര്‍ശം രാഹുല്‍ നടത്തിയത്. സ്ത്രീകള്‍ ഇപ്പോഴും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായി യാത്രയ്ക്കിടെ തനിക്ക് അറിയാന്‍ കഴിഞ്ഞുവെന്ന തരത്തിലായിരുന്നു പ്രസംഗം. അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ കോണ്‍ഗ്രസ് നേതാവിനെ സമീപിച്ച് അക്കാര്യം വെളിപ്പെടുത്തിയോ എന്നാണ് ഡല്‍ഹി പോലീസ് ആരായുന്നത്. അങ്ങനെയെങ്കില്‍ അന്വേഷണം നടത്തുന്നതിനായി ഇരകളുടെ വിവരങ്ങള്‍ കൈമാറണണെന്നും പോലീസ് ആവശ്യപ്പെടുന്നു. ഇരകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ അവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ഡല്‍ഹി പോലീസ് രാഹുലിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. എന്നാല്‍ ആരോപണം നിഷേധിച്ച ബിജെപി പോലീസ് സ്വാഭാവിക നടപടി സ്വീകരിക്കുകയാണെന്ന് വിശദീകരിച്ചിരന്നു.
Content Highlights: Rahul Gandhi Delhi police notice preliminary reply
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..