രാഹുൽഗാന്ധി കോടതിയിൽ ഹാജരായപ്പോൾ | File Photo - ANI
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധി പ്രസ്താവിച്ച സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്.എച്ച് വര്‍മ്മയുടെ സ്ഥാനക്കയറ്റത്തിന് സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി ജഡ്ജി എം.ആര്‍ ഷാ. നിയമ പോര്‍ട്ടല്‍ ആയ ബാര്‍ ആന്‍ഡ് ബെഞ്ചിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ആണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വര്‍മ്മയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് എന്ന് ജസ്റ്റിസ് ഷാ ചൂണ്ടിക്കാട്ടി.
ചട്ടങ്ങള്‍ പ്രകാരം ജില്ലാ ജഡ്ജി തസ്തികയില്‍ 65 ശതമാനം സീറ്റുകളില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മെറിറ്റിന്റെയും, സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ ഇത് പാലിക്കാതെയാണ് നിയമനം നടത്തിയത് എന്ന ഹര്‍ജിക്കാരുടെ വാദം കണക്കിലെടുത്താണ് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനകയറ്റം സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചത്.
എന്നാല്‍ സ്റ്റേ ഉത്തരവ് മെറിറ്റില്‍ സ്ഥാനക്കയറ്റം ലഭിച്ച എച്ച്.എച്ച് വര്‍മ്മയുടെ സ്ഥാനക്കയറ്റത്തിന് ബാധകമല്ലെന്ന് ജസ്റ്റിസ് എം.ആര്‍ ഷാ വ്യക്തമാക്കി. വര്‍മ്മയുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്തു എന്ന വാര്‍ത്ത താന്‍ വായിച്ചു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. സുപ്രീം കോടതി ജഡ്ജി പദവിയില്‍നിന്ന് ഇന്ന് ജസ്റ്റിസ് എം ആര്‍ ഷാ വിരമിക്കും.
സ്ഥാനക്കയറ്റ പട്ടികയില്‍ ഉള്‍പ്പെട്ട എച്ച്.എച്ച് വര്‍മ്മയെ രാജ്കോട്ടിലെ അഡീഷണല്‍ ജില്ലാ ജഡ്ജിയായി നിയമിച്ച് ഉത്തരവ് ഇറക്കിയിരുന്നു. സ്റ്റേ ഇല്ലാത്തതിനാല്‍ തന്നെ വര്‍മ്മയ്ക്ക് ഇനി രാജ്കോട്ടിലെ അഡീഷണല്‍ ജില്ലാ ജഡ്ജിയായി തുടരാം.
Content Highlights: Rahul Gandhi defamation case H.H Verma Justice M.R Shah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..