രാഹുൽ ഗാന്ധി | Photo : ANI
ന്യൂഡല്‍ഹി: രൂപയുടെ വിപണിമൂല്യം ചരിത്രത്തിലെ ഏറ്റവും താണ നിരക്കിലെത്തിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസം കലര്‍ന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമങ്ങളില്‍ വരുന്ന സ്വന്തം വാര്‍ത്തകളുടെ തലക്കെട്ടുകളിലല്ല, മറിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വീറ്റിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.
'മോദിജി, രൂപയുടെ വിലയിടിയുമ്പോള്‍ താങ്കള്‍ മന്മോഹന് സിങ്ങിനെ വിമര്‍ശിച്ചിരുന്നു. ഇന്ന് രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കുകയാണ്. പക്ഷെ, അക്കാര്യത്തില്‍ ഞാനങ്ങയെ കുറ്റപ്പെടുത്തില്ല. കയറ്റുമതിയെ സംബന്ധിച്ച് രൂപയുടെ മൂല്യം കുറയുന്നത് ഏറെ നല്ലതാണ്. നമ്മള് കയറ്റുമതി വ്യവസായങ്ങള്‍ക്ക് ധനസഹായം നല്‍കുകയും അതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ദയവായി അങ്ങ് സ്വന്തം വാര്‍ത്താ തലക്കെട്ടുകളെ കുറിച്ച് മാത്രം ചിന്തിക്കാതെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ', രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലെത്തിയിരിക്കുകയാണ് രൂപ. ഡോളറിനെതിരെ 77.40 ആണ് രൂപയുടെ തിങ്കളാഴ്ചത്തെ വിപണിമൂല്യം. രാജ്യത്തിന്റെ വിദേശനാണ്യശേഖരം വീണ്ടും കുറയുന്നതായി രൂപയുടെ വിലയിടിവ് സൂചിപ്പിക്കുന്നു. രൂപ തീവ്രപരിചരണ വിഭാഗത്തിലെത്തിയിരിക്കുകയാണെന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പരിഹസിക്കുന്ന വീഡിയോ കോണ്‍ഗ്രസ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. മുഖ്യമന്ത്രിയായിരിക്കേ അക്കാലത്തുണ്ടായ രൂപയുടെ മൂല്യച്യുതിയെ കുറിച്ച് മോദി വിമര്‍ശിച്ച് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. അതാണ് ഇപ്പോള്‍ മോദി ഭരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Content Highlights: Rahul Gandhi criticises PM Narendra Modi as rupee plummets
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..