രാഹുൽ ഗാന്ധി. Photo: ANI
ന്യൂഡല്‍ഹി: കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബി.ജെ.പിയാണെന്ന് രാഹുല്‍ പറഞ്ഞു.
അതേസമയം രാഹുലിന്റെ ആരോപണത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ഗുലാം നബി ആസാദും രംഗത്തെത്തി. ആരോപണത്തിനു പിന്നില്‍ ബി.ജെ.പി. ആണെന്ന് തെളിഞ്ഞാല്‍ രാജി വെക്കാമെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു.
23 നേതാക്കളാണ് നേതൃത്വത്തിനെതിരെ കത്തെഴുതിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുകയാണ്. കത്തെഴുതിയവര്‍ ബി.ജെ.പിയുമായി കൈ കോര്‍ക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശം.
ഇതിനെതിരെ കത്തെഴുതിയ നേതാക്കള്‍ ശക്തമായി രംഗത്തെത്തി. ആരോപണം തെളിയിച്ചാല്‍ താന്‍ രാജിവെക്കാമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
കപില്‍ സിബല്‍ ട്വിറ്ററിലൂടെയാണ് പ്രതികരണം നടത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നേതൃത്വത്തിന് എതിരെ ഒരു പ്രസ്താവന പോലും താന്‍ നടത്തിയിട്ടില്ല. രാജസ്ഥാന്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഹൈക്കോടതിയില്‍ താന്‍ നിലപാട് എടുത്തു. ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോള്‍ താന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നുവെന്നാണ് പറയുന്നതെന്നും സിബല്‍ പറഞ്ഞു.
അധ്യക്ഷപദം രാജി വെക്കാനുള്ള സന്നദ്ധത സോണിയ ഗാന്ധി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. സോണിയ അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് മന്‍മോഹന്‍ സിങ്ങും എ.കെ. ആന്റണിയും ആവശ്യപ്പെട്ടു. നേതൃമാറ്റവുമായി ബന്ധപ്പെട്ട് 23 നേതാക്കള്‍ കത്ത് എഴുതിയത് ചോര്‍ന്നതിനെ കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു.
കത്തെഴുതാന്‍ തിരഞ്ഞെടുത്ത സമയത്തെയും രാഹുല്‍ വിമര്‍ശിച്ചു. സോണിയ ഗാന്ധി ആശുപത്രിയില്‍ കഴിയുമ്പോഴും രാജസ്ഥാനില്‍ പ്രതിസന്ധി നടക്കുമ്പോഴുമായിരുന്നു 23 നേതാക്കള്‍ കത്ത് എഴുതിയത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. നേതൃമാറ്റം ആവശ്യപ്പെട്ട് എഴുതിയ കത്ത് പുറത്തെത്തിയതിനു പിന്നാലെ കോണ്‍ഗ്രസില്‍ രണ്ടുചേരി രൂപപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്.
content highlights: rahul gandhi criticises leaders who wrote letter seeking change in leadership
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..